ഒറ്റപ്പാലം: അടുക്കളകൾ തിരിച്ച് പിടിക്കാൻ അടുപ്പുകൂട്ടിയവർക്ക് വിറകിന്റെ തീവില തിരിച്ചടി. പാചക വാതകത്തിന് തീ വിലയായതിന് പരിഹാരമായാണ് വിറകിനെ ആശ്രയിക്കാൻ പലരും തീരുമാനിച്ചത്. എന്നാൽ ഇവിടെയും രക്ഷയില്ലെന്നാണ് വീട്ടമ്മമാരുടെ പരാതി.
പാചക വാതക വില കയറ്റത്തിന്റെ സാധ്യത മുതലെടുത്ത് വിറകിൽ ലാഭം കൊയ്യുകയാണ് വിറകു കച്ചവടക്കാർ. 10 കിലോ ചെറിയ വിറക് കഷ്ണങ്ങൾക്ക് നേരത്തെ 60 രൂപയായിരുന്നു വിലയെങ്കിൽ ഇപ്പോഴത് 75 മുതൽ 100 രൂപവരെയാണ്.
മരക്കഷ്ണങ്ങൾ വെട്ടി ചെറുതാക്കുന്നതിനുള്ള കൂലികൂടിയതാണ് വിറകിന് വിലകൂടാനുള്ള കാരണമായി പറയുന്നത്. ആവശ്യത്തിന് മുറിച്ചെടുക്കാൻ മരം കിട്ടാത്തതും പ്രശ്നമാണ്.
പാചകവാതക വിലവർധനയെത്തുടർന്ന് അടുപ്പിനെ ആശ്രയിച്ചിരുന്ന ഹോട്ടൽ നടത്തിപ്പുകാർക്കും വീട്ടമ്മമാർക്കുമാണ് വിലവർധന തിരിച്ചടിയായത്. പുളി വിറകിനാണ് ഏറ്റവും കൂടുതൽ ആവശ്യക്കാർ.
തീ പിടിക്കുന്നതിനും കൂടുതൽ ചൂട് കിട്ടാനും പുളിമരമാണ് കൂടുതൽ ഗുണകരം.സാധാരണ വീട്ടുകാർ കൂടുതൽ ആശ്രയിക്കുന്നത് തീപ്പെട്ടി കന്പനികളിൽ നിന്നുള്ള കട്ടകളും തോലുമാണ്. എന്നാൽ ഇതിനും വില കൂടി.
കഴിഞ്ഞ കാലങ്ങളിൽ ഒരുവണ്ടി കട്ടയ്ക്ക് 500 രൂപ മുതൽ 700 വരെ ഉണ്ടായിരുന്നു. ഇന്ന് അതിന് 800 മുതൽ 1200 രൂപ വരെയാണ് ഈടാക്കുന്നത്. കാറ്ററിംഗ് സ്ഥാപനങ്ങൾക്കും പാചകവാതകത്തിനൊപ്പം വിറക് വിലവർധന പ്രശ്നമായിട്ടുണ്ട്.
ശ്മശാനങ്ങളും പായസനിർമാണ കന്പനികളുമാണ് ഇപ്പോൾ കാര്യമായി വിറക് വാങ്ങുന്നത്. മാവ്, കഴണി, പലവക മരങ്ങളായി വിൽക്കുന്നവയ്ക്കും വിലകൂടി. മഴക്കാലമായതോടെ ഉണങ്ങിയ വിറക് ലഭിക്കാനും ബുദ്ധിമുട്ടാണ്.
പല വീടുകളിൽ നിന്നും വിറകടുപ്പുകൾ ഒഴിവാക്കിയിരുന്നെങ്കിലും പാചകവാതക വിലവർധന വീണ്ടും അടുപ്പുകൾ കത്താൻ കാരണമായി.
കോവിഡ് കാലത്ത് കല്യാണങ്ങളും ചൂളകളും അന്പലങ്ങളിലെ ആഘോഷങ്ങളുമെല്ലാം കുറഞ്ഞതോടെ വിറകു കച്ചവടക്കാർക്ക് നഷ്ടമായി.
നേരത്തെ മാസത്തിൽ 25 ടണ്‍ വിറക് വിറ്റിരുന്ന സ്ഥാനത്ത് അഞ്ച് ടണ്‍ വിറക് മാത്രമാണ് കോവിഡ് കാലത്ത് വിറ്റുപോയിരുന്നത്. ഇതിനൊപ്പം വിറകുവെട്ടാൻ ആളുകൾ കൂലികൂട്ടുകയും ചെയ്തതോടെ വിറകിന്റെ വിലയുയർന്നു.
യന്ത്രത്തിൽ വിറക് വെട്ടാൻ 550 മുതൽ 700 രൂപവരെയാണ് ചെലവ്. ആളുകൾക്കാണെങ്കിൽ 1,000 മുതൽ 1,200 രൂപവരെയാണ് ചെലവ്.
അതേസമയം പാചക വാതക വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ നല്ലൊരു വിഭാഗം ജനങ്ങളും പഴയ മാതൃകയിലുള്ള വിറകടുപ്പുകളിലേക്ക് തിരിഞ്ഞിട്ടുണ്ട്.
ഗ്രാമീണ മേഖലകളിൽ സ്ത്രീകൾ കൂട്ടമായി പറന്പുകളിലും എസ്റ്റേറ്റുകളിലും വീണുകിടക്കുന്ന മരങ്ങൾ വെട്ടി കീറി കത്തിക്കാൻ പാകത്തിനാക്കി പാചകം ചെയ്യാനും തുടങ്ങിയിട്ടുണ്ട്.
ഗ്രാമീണ മേഖലകളിൽ മുൻകാലങ്ങളിലെ പോലെ വിറകുണ്ടാക്കാൻ പോകുന്ന സ്ത്രീകൾ പതിവുകാഴ്ചയായി മാറിയിട്ടുണ്ട്.