തൃശൂർ: അടുക്കളയിൽനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരുന്ന മണ്‍കുടങ്ങൾ അണിഞ്ഞൊ രുങ്ങി തിരിച്ചെത്തുന്നു, സ്വീകരണ മുറികളിലേക്ക്. മണ്കുടങ്ങളിൽ ചിത്രപ്പണികൾ ചെയ്ത് മനോഹരമാക്കിയാണ് പൂമുഖത്തേക്കും സ്വീകരണ മുറികളിലേക്കും തിരിച്ചെത്തുന്നത്.
മണ്കുടങ്ങളിൽ അക്രിലിക്, ഫാബ്രിക് പെയിന്റുകളിൽ ബ്രഷ് ഉപയോഗിച്ച് വർണ ചിത്രങ്ങൾ വരച്ചുചേർക്കുന്ന പോട്ട് പെയിന്റിംഗ് അല്പം കലാഭാവനയുള്ള ആർക്കും ചെയ്യാം.കുടത്തിൽ തുണി ചുറ്റി സ്കെച്ച് വരച്ച് യോജിച്ച നിറം നൽകി പതിപ്പിക്കുന്ന വിദ്യ പരിശീലിപ്പിക്കുന്ന പരിപാടി ഭവൻസ് കലാകേന്ദ്രയിൽ ഇന്നലെ സമാപിച്ചു.
മുസ്തഫ പള്ളിക്കര, അജിത, റെജീന എന്നിവർ നേതൃത്വം നൽകിയ പരിശീലന പരിപാടിയിൽ 55 പേർ പരിശീലനം നേടി. കലാ അധ്യാപകരും ഫാഷൻ ഡിസൈനർമാരുമെല്ലാം പരിശീലനത്തിനെത്തിയിരുന്നു. നാലു വ്യത്യസ്ത പെയിന്റിംഗ് രീതികളുണ്ടെന്ന് മുസ്തഫ (ഫോണ്‍- 8129787580) പറഞ്ഞു.