വി. അഭിജിത്ത്
പാലക്കാട്: വീട്ടിലെ മാലിന്യസംസ്കരണം എന്നും ഒരു തലവേദനയാണ്. എന്നാൽ കൊടുവായൂർ സ്വദേശി ഷഫ്നയുടെ മാലിന്യ സംസ്കരണ രീതി അറിഞ്ഞാൽ ഒന്നു പരീക്ഷിച്ചു നോക്കിയാലോ എന്നു തോന്നിപ്പോകും.
പ്രത്യേകിച്ച്, മത്സ്യകർഷകർക്കും കോഴി വളർത്തുന്നവർക്കും. പാലക്കാട് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റും നവകേരള മിഷനും സംയുക്തമായി നടത്തിയ വേസ്റ്റ് മാനേജ്മെന്റ് മത്സരത്തിലെ വിജയി കൂടിയാണ് ഷഫ്ന.
അടുക്കളയിലെ ഭക്ഷണമാലിന്യങ്ങളും മറ്റും ഉപയോഗിച്ചാണ് ഷഫ്ന ബിഎസ്എഫ് (ബ്ലാക്ക് സോൾജിയർ ഫ്ലൈ) മാലിന്യ സംസ്കരണ വിദ്യ പരീക്ഷിച്ചത്.
ഇന്റർനെറ്റ് വഴിയാണ് ഈ മാലിന്യ സംസ്കരണ രീതിയെ കുറിച്ച് ഷഫ്ന അറിയുന്നത്. ഭർത്താവ് എ. ഹാറൂണിന്റെ സഹായവും ഷഫ്നയ്ക്ക് ലഭിച്ചപ്പോൾ മാലിന്യം ശേഖരിക്കാനും സംസ്കരിക്കാനും എളുപ്പമായി.
ബിഎസ്എഫ് രീതിയിൽ സംസ്കരിക്കുന്ന മാലിന്യത്തിൽനിന്നു ലഭിക്കുന്ന ലാർവകളെ വീട്ടിൽ വളർത്തുന്ന മത്സ്യങ്ങൾക്കും കോഴികൾക്കും ഭക്ഷണമായി നല്കുന്നതിലൂടെ മികച്ച വരുമാന മാർഗമാണ് ഇതെന്നാണ് ഷഫ്ന അവകാശപ്പെടുന്നത്.
എന്താണ് ബിഎസ്എഫ്?
ഭക്ഷണ മാലിന്യം, അഴുകിയ പച്ചക്കറി എന്നിവ പ്രത്യേകം തയാറാക്കിയ ബക്കറ്റിൽ രണ്ടാഴ്ചയോളം ഇട്ടുവയ്ക്കുന്നു. തുടർന്ന് ബക്കറ്റിലുള്ള ദ്വാരത്തിലൂടെ ബ്ലാക്ക് സോൾജിയർ ഫ്ലൈ എന്ന ഒരുതരം ഈച്ചകൾ മാലിന്യത്തിൽ വന്നിരുന്ന് മുട്ടയിടുന്നു.
തുടർന്ന് മൂന്നുമുതൽ നാലു ദിവസം വരെയുള്ള സമയത്തിൽ മുട്ടകൾ വിരിഞ്ഞ് ലാർവകൾ പുറത്ത് വരുകയും ആ ലാർവകൾ ബക്കറ്റിലുള്ള ഭക്ഷണമാലിന്യങ്ങൾ ഭക്ഷിച്ച് ആരോഗ്യമുള്ളതും 40 ശതമാനം പ്രോട്ടീനും 20 ശതമാനം കൊഴുപ്പുമുള്ള പുഴുക്കളായി മാറുന്നു.
ബിഎസ്എഫ് ലാർവകൾ
വളരെയധികം പ്രോട്ടീൻ ഘടകമുള്ള ബിഎസ്എഫ് ലാർവകളെ വീട്ടിൽ വളർത്തുന്ന മത്സ്യം, കോഴി, താറാവ്, പന്നി എന്നിവയ്ക്ക് ഭക്ഷിക്കാൻ നല്കുന്നതിലൂടെ മികച്ച വരുമാന മാർഗമാണ് ലഭിക്കുന്നത്.
ഭക്ഷണ, പച്ചക്കറി മാലന്യങ്ങളെ അഴുകാൻ സഹായിക്കുക മാത്രമാണ് ഇവ ചെയ്യുന്നത്. ഏകദേശം തേനീച്ചയുടെ വലിപ്പവും കറുത്ത നിറവുമാണ് ഈ ഈച്ചകൾക്കുള്ളത്.
വായും കുടൽമാലയും ഇല്ലെന്നതും മറ്റുള്ള ഈച്ചകളെ പോലെ സാംക്രമിക രോഗങ്ങൾ പരത്തുന്നില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്. ലോകാരോഗ്യ സംഘടന സോൾജിയർ ഫ്ലൈകളെകുറിച്ച് ധാരാളം പഠനങ്ങൾ നടത്തിയിട്ടുണ്ട്.
കാലാവസ്ഥ അനുയോജ്യം
കേരളത്തിലെ കാലവസ്ഥ ബ്ലാക്ക് സോൾജിയർ ഈച്ചകൾക്ക് വളരാൻ അനുയോജ്യമാണ്. ഈച്ച ഒറ്റത്തവണ ഇടുന്ന മുട്ടയിൽ 400 മുതൽ 500 ലാർവകൾ വരെ വിരിഞ്ഞിറങ്ങുന്നു.
ഇങ്ങനെ വിരിഞ്ഞിറങ്ങുന്നവരെ പ്രത്യേകം മാറ്റി ഭക്ഷണ മാലിന്യങ്ങൾ നല്കി വളർത്തിയെടുക്കുന്നു. വിദേശ രാജ്യങ്ങളിൽ ഇങ്ങനെ തയാറാക്കുന്ന ലാർവകളെ ഉണക്കി പൗഡറായും ഓയിൽ എക്സ്ട്രാക്റ്റായും നിർമിക്കാറുണ്ട്.
പ്രജനന കാലഘട്ടം
ബ്ലോക്ക് സോൾജിയർ ഫ്ലൈയുടെ ജീവിതചക്രത്തിൽ ഏറെ കൗതുകകരമായ കാര്യങ്ങളാണുള്ളത്. അഞ്ചു മുതൽ ഏഴു ദിവസം വരെയാണ് ആണ് ഈച്ചകളുടെയും പെണ് ഈച്ചകളുടെയും ജീവിതകാലം. ഒരാഴ്ച കഴിഞ്ഞാൽ ഇവ ചത്തുപോകും എന്നതാണ് പ്രധാന കാര്യം.
ഒരുപക്ഷേ അത് പ്രകൃതിക്ക് അനിവാര്യവുമാണ്. ആണ് ഈച്ചകൾ പെണ് ഈച്ചകളുമായി പ്രജനനം നടത്തുന്ന ഘട്ടത്തിൽ തന്നെ മരിച്ചു വീഴുന്പോൾ പെണ് ഈച്ചകൾ മുട്ടകൾ ഇട്ടതിനുശേഷം മരിക്കുന്നു.