സ്വന്തം ലേഖകന്
കോഴിക്കോട്: വിശ്രമമില്ലാത്ത അടുക്കള ജോലിയോട് അവധി പറഞ്ഞു ബാലുശേരി പഞ്ചായത്തിലെ പറമ്പിന് മുകളിലെ വീട്ടമ്മമാര്.
പ്രദേശത്തെ ഏഴുകുടുംബങ്ങളിലെ വീട്ടമ്മമാരാണ് വിശ്രമമില്ലാത്ത പൊതുഅടുക്കള എന്ന ആശയം നടപ്പാക്കിയത്.
ഈ ഏഴു കുടുംബങ്ങളിലെ പ്രഭാതഭക്ഷണവും ഉച്ചയൂണിന്റെ വിഭവങ്ങളും ഒരുക്കുന്നത് കൂട്ടത്തിലൊരാളായ തൊടുവന്കുഴിയില് ആസ്യയുടെ അടുക്കളയില് നിന്നാണ്.
പുലര്ച്ചെ അഞ്ചിന് ഉണരുന്ന ആസ്യ 7.30ന് ഭക്ഷണമുണ്ടാക്കി കഴിയും. ഇതു വീടുകളില് എത്തിക്കുന്ന ചുമതലയും ആസ്യക്കുതന്നെ.
സ്ത്രീപക്ഷാശയങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് പൊതു അടുക്കളകളെക്കുറിച്ച് ചര്ച്ച ചെയ്യുമ്പോഴാണ് ഒരു ചെറുഗ്രാമത്തില്ത്തന്നെ ‘കോമണ് കിച്ചണ് ‘ എന്ന ആശയം നടപ്പാകുന്നത്.
സാമൂഹികപ്രവര്ത്തകയും ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റും റിട്ട. അധ്യാപികയുമായ ഗിരിജ പാര്വതിയാണ് കോമണ് കിച്ചണ് എന്ന ആശയം മുന്നോട്ടുവച്ചത്.
പാലോറ ഹയര് സെക്കന്ഡറി സ്കൂള് അധ്യാപിക കെ. ബിന്സി, വടകര എന്ജിനിയറിംഗ് കോളജിലെ ഇലക്ട്രോണിക്സ് ഇന്സ്ട്രക്ടര് ആർ.ഡി. പ്രീത, കോക്കല്ലൂര് ഗവ. ഹയര് സെക്കന്ഡറി സ്കൂളിലെ അധ്യാപിക കെ.എം. ഷീന, ഉണ്ണികുളം ഗവ. യുപിയിലെ അധ്യാപിക പി. സിന്ധു, കൊയിലാണ്ടി ‘ താലൂക്കാശുപത്രി മെഡിക്കല് റിക്കാർഡ്സ് ലൈബ്രേറിയന് കെ.പി. ലൗസി, ബ്യൂട്ടീഷന് ഷീജ എന്നിവരും ഇവരുടെ കുടുംബാംഗങ്ങളും ഗിരിജയ്ക്കു പിന്തുണയുമായി കൂടെ നിന്നതോടെ പൊതുഅടുക്കള എന്ന ആശയം പ്രാവര്ത്തികമായി.
ഏഴു കുടുംബത്തിലായി 26 പേര്ക്കാണ് അടുക്കളയില് വിഭവങ്ങള് ഒരുക്കുന്നത്. ആഴ്ചയിലെ ഏഴു ദിവസവും വ്യത്യസ്തമായ വിഭവമാണ് ഒരുക്കുന്നത്.
പരമാവധി നാടന് വിഭവങ്ങള് ഉപയോഗിച്ച് വീട്ടുരുചിയില്ത്തന്നെ ഭക്ഷണമൊരുക്കാനാണ് ഇവരുടെ തീരുമാനം. ചെലവു മാസാവസാനം വീതം വയ്ക്കുന്നതിനൊപ്പം ആസ്യക്ക് പ്രതിഫലവും നല്കുന്നു.