സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് എതിരായ 13 കോടിയുടെ തട്ടിപ്പുകേസിന് പാര്‍ട്ടിയുമായി യാതൊരു ബന്ധമോ പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തേണ്ട ആവശ്യമോ ഇല്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ കോടിയേരിയേയും പാര്‍ട്ടിയേയും പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ എ ജയശങ്കര്‍.
മഹാത്മാഗാന്ധിയുടെ മൂത്തമകനായ ഹരിലാല്‍ ഒന്നാന്തരം ഉഴപ്പനായിരുന്നെന്നും അതുകൊണ്ട് ഗാന്ധിജിയുടെ മഹത്വം നഷ്ടപ്പെട്ടോ എന്നും അതുപോലെ ബിനോയ് കച്ചവടം പൊലിപ്പിക്കാന്‍ ഏതാനും ദിര്‍ഹം കടംവാങ്ങിയത് മഹാപരാധമാണോയെന്നുമാണ് ജയശങ്കര്‍ പരിഹാസരൂപേണ ചോദിക്കുന്നത്. സഖാവ് കോടിയേരിയുടെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്നും കോടിയേരിയുടെ ജീവിതമാണ് അദ്ദേഹത്തിന്റെ സന്ദേശമെന്നും കോടിയേരിയുടെ നേതൃത്വത്തില്‍ നടത്തിയ ബക്കറ്റ് പിരിവിന്റെ ചിത്രം സഹിതം അഡ്വ ജയശങ്കര്‍ തുടര്‍ന്നും പരിഹസിക്കുന്നുണ്ട്. അഡ്വ എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
മഹാത്മാ ഗാന്ധിയുടെ മൂത്തമകന്‍ ഹരിലാല്‍ ഗാന്ധി മുഴുക്കുടിയനും ദുര്‍വൃത്തനും ആയിരുന്നു. ഇടയ്ക്ക് മതംമാറി, പിന്നെ തിരിച്ചു പോന്നു. ഒടുവില്‍ അരിയെത്താതെ മരിച്ചു. മകന്‍ കൊളളരുതാത്തവനായി എന്നതുകൊണ്ട് മഹാത്മാവിന്റെ മഹത്വത്തിന് എന്തെങ്കിലും ഗ്ലാനി സംഭവിച്ചോ? ഇല്ല. അഹിംസാ പാര്‍ട്ടിക്ക് അപകീര്‍ത്തിയുണ്ടായോ? അതുമില്ല. അതാണ് രാഷ്ട്രീയം.
ബിനോയ് കാശ് കടംവാങ്ങിയിട്ടുണ്ടെങ്കില്‍ ബിനോയ് തിരിച്ചുകൊടുക്കും. കേസുണ്ടായാല്‍ നേരിടും. അതൊന്നും പാര്‍ട്ടി അറിയേണ്ട കാര്യമില്ല. ബിനോയ് കോടിയേരി വിപ്ലവ പാര്‍ട്ടിയില്‍ അംഗമല്ല. തൊഴിലെടുത്തു ജീവിക്കുന്ന ഒരു പാവം ചെറുപ്പക്കാരന്‍. അദ്ദേഹം കാര്‍ വാങ്ങാനും കച്ചവടം പൊലിപ്പിക്കാനും ഏതാനും ദിര്‍ഹം കടംവാങ്ങിയത് തെറ്റാണോ? കയ്യില്‍ കാശില്ലാത്തതിനാല്‍ തിരിച്ചടവ് വൈകിയതാണോ മഹാപരാധം?
പാവങ്ങളുടെ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുളള കുത്സിത ശ്രമമാണ് കോണ്‍ഗ്രസും ബിജെപിയും മാധ്യമ സിന്‍ഡിക്കേറ്റും ചേര്‍ന്നു നടത്തുന്നത്. ഇതൊന്നും ഈ നാട്ടില്‍ വിലപ്പോകില്ല. സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ത്യാഗനിര്‍ഭരമായ ജീവിതം ഒരു തുറന്ന പുസ്തകമാണ്. കോടിയേരിയുടെ ജീവിതമാണ്, അദ്ദേഹത്തിന്റെ സന്ദേശം.