സ്വന്തം ലേഖകൻ
തൃശൂർ: വിവിധ രാജ്യങ്ങളിൽ പടർന്നുകിടക്കുന്ന തന്റെ ബിസിനസ് സാമ്രാജ്യം ബാക്കിയാക്കി സി.കെ. മേനോൻ മടങ്ങുന്പോൾ കേരളത്തിനു നഷ്ടമാകുന്നത് ബിസിനസിലെ ലാഭ നേട്ടങ്ങൾക്കപ്പുറം കാരുണ്യപ്രവർത്തനങ്ങളിൽ സന്തോഷം കണ്ടെത്തിയിരുന്ന വ്യവസായിയെയാണ്.
ലാഭം മാത്രം ലക്ഷ്യം വച്ചുള്ളതല്ല തന്റെ ബിസിനസെന്നു മേനോൻ വേദികളിൽ പറയാറുണ്ട്. തന്റെ ജീവിതത്തിലൂടെ ഇതു തെളിയിക്കാനും അദ്ദേഹം നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. വരുമാനത്തിൽനിന്ന് ഒരു നിശ്ചിത ശതമാനം തുക ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കുന്നതിൽ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു.
തൃശൂരിൽ ചേരിനിവാസികൾക്കായി നൂറു വീടുകൾ പണിതുനൽകിയതും കേരള സർക്കാരിന്റെ ലക്ഷംവീട് പദ്ധതിയിൽ ഭവനരഹിതർക്കു വീടുകൾ വച്ചുനൽകിയതുമെല്ലാം ചില ഉദാഹരണങ്ങൾ മാത്രം. താൻ പഠിച്ച തൃശൂരിലെ സിഎംഎസ് വിദ്യാലയത്തിനു വർഷങ്ങൾക്കിപ്പുറം അദ്ദേഹം പുതിയ കെട്ടിടം പണിതുനൽകിയിരുന്നു. ബിസിനസ് വളർച്ചയ്ക്കനുസരിച്ച് ഓരോ വർഷവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കുന്ന തുക വർധിപ്പിച്ചുകൊണ്ടുവരാറുണ്ട് സി.കെ. മേനോൻ.
ഖത്തർ കേന്ദ്രമാക്കിയുള്ള അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം ഗൾഫ് രാജ്യങ്ങൾ, ബ്രിട്ടൻ, സുഡാൻ, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിലായി പരന്നുകിടക്കുന്നു. പെട്രോളിയം ഉത്പന്നങ്ങളുടെ ട്രാൻസ്പോർട്ടിംഗ്, സ്റ്റീൽ മാനുഫാക്ചറിംഗ്, എൻജിനീയറിംഗ് ഉപകരണങ്ങളുടെ നിർമാണം എന്നിവയാണ് ബഹ്സാദ് ഗ്രൂപ്പിന്റെ പ്രവർത്തന മേഖലകൾ. ബിസിനസ് ലോകത്തെ തിരക്കുകൾക്കിടയിൽ പത്തുവർഷമായി നോർക്കയുടെ വൈസ് ചെയർമാൻ എന്ന പദവികൂടി അദ്ദേഹം വഹിച്ചിരുന്നു.
നിരന്തരം കർമനിരതനായിരിക്കുന്പോഴും മറ്റുള്ളവരുടെ വേദനകൾ കാണാതെ പോയില്ലെന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയിരുന്നത്. ഗൾഫ് മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി പ്രവാസികൾക്കു താങ്ങും തണലുമായിരുന്നു അദ്ദേഹം. ഒട്ടേറെപ്പേരുടെ ചികിത്സാ ധനസഹായത്തിനായി പ്രതിവർഷം ലക്ഷങ്ങളാണ് മേനോൻ ചെലവഴിച്ചിരുന്നത്.
2009 ൽ രാജ്യം പദ്മശ്രീ നൽകി മേനോനെ ആദരിച്ചു. 2006ൽ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരവും നേടി. രാജ്യാന്തര ബിസിനസ് സാമ്രാജ്യത്തിന്റെ തലവനായിരിക്കുന്പോഴും നാട്ടിലെത്തിയാൽ സാധാരണക്കാരനായിരുന്നു അദ്ദേഹം. നാട്ടിലെ ഉത്സവങ്ങൾക്കു സജീവ സാന്നിധ്യമാവാറുണ്ട് മേനോൻ. വള്ളിച്ചെരുപ്പ് ധരിച്ച് സാധാരണക്കാരിലൊരാളായി ഉത്സവപ്പറന്പുകളിൽ അദ്ദേഹത്തെ തൃശൂർക്കാർക്കു കാണാമായിരുന്നു.