മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് അഡ്വ. എ. ജയശങ്കര്‍. ഓഖി കൊടുങ്കാറ്റ് ദുരിതം വിതച്ച വിഴിഞ്ഞത്ത് സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരേ നാട്ടുകാര്‍ രോഷപ്രകടനം നടത്തിയതിനെക്കുറിച്ചായിരുന്നു ജയശങ്കറിന്റെ പ്രതികരണം.
ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…
ബ്രണ്ണന്‍ കോളേജല്ല വിഴിഞ്ഞം പളളി. ആര്‍എസ്എസുകാരല്ല മത്സ്യത്തൊഴിലാളികള്‍, ഊരിപ്പിടിച്ച കഠാരിയല്ല പങ്കായമാണ് ആയുധം. മനോജ് ഏബ്രഹാമും ഒരു ബറ്റാലിയന് പോലീസും ഉണ്ടായിരുന്നില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ എല്ലു വെള്ളമായേനെ.ഓഖി കൊടുങ്കാറ്റടിച്ചത് ഓസിയുടെ ഭരണകാലത്ത് ആയിരുന്നുവെങ്കില്‍ എന്തായേനെ കഥ?കാറ്റും കോളും അടങ്ങും മുന്‍പേ, കുഞ്ഞൂഞ്ഞ് പൂന്തുറ കടപ്പുറത്ത് ഓടിയെത്തുമായിരുന്നു. പളളിവികാരിയുടെ കൈമുത്തും, കാണാതായവരുടെ കുടുംബാംഗങ്ങളെ നെഞ്ചോടണച്ചു പിടിച്ച് ആശ്വസിപ്പിക്കും, ഇടവകക്കാര്‍ക്കൊപ്പം മുട്ടുകുത്തി പ്രാര്‍ത്ഥിക്കും, കടലില്‍ പോയ അവസാന വളളവും തിരികെ എത്താതെ തനിക്ക് ഉറക്കമില്ല എന്ന് പ്രഖ്യാപിക്കും.
ഉമ്മന്‍ജിയുടെ സമയോചിത ഇടപെടലിനെ മാധ്യമ സിന്‍ഡിക്കേറ്റുകാര്‍ പാടിപ്പുകഴ്ത്തും, മനോരമയും മാതൃഭൂമിയും ഒന്നിനൊന്നു മികച്ച മുഖപ്രസംഗങ്ങള്‍ അടിച്ചുവിടും. കുഞ്ഞൂഞ്ഞിന്റെ തൊപ്പി തൂവലുകള്‍ കൊണ്ട് നിറയും.രമേശ് ചെന്നിത്തലയ്ക്കു പോലും ആ ലെവലില്‍ എത്താന്‍ കഴിയത്തില്ല. പിന്നെയല്ലേ, പിണറായി വിജയന്? ജയശങ്കറിന്റെ പ്രതികരണം ഇതിനകം വൈറലായിക്കഴിഞ്ഞു.