നിയാസ് മുസ്തഫ
കോട്ടയം: സംസ്ഥാന മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശന്പളം ഇരട്ടിയോളം കൂട്ടിയ തീരുമാനത്തെ വിമർശിച്ചും പരിഹസിച്ചും രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
മന്ത്രിമാരുടെ ശന്പളം 55,012രൂപയിൽനിന്ന് 90,000 രൂപയും എംഎൽഎമാരുടേത് 39,500രൂപയിൽനിന്ന് 70,000രൂപയായും ഉയർത്താനുളള കരടുബില്ലിനു മന്ത്രിസഭ ഇന്നലെ അംഗീകാരം നൽകിയിരുന്നു. ഇതോടൊപ്പം മന്ത്രിമാരുടെ യാത്രാബത്ത കിലോമീറ്ററിനു 10രൂപയിൽനിന്ന് 15രൂപയായും ഉയർത്തും. എംഎൽഎമാരുടെ യാത്രാബത്ത കിലോമീറ്ററിന് 12രൂപയായി ഉയർത്തും. ഈ സാഹചര്യത്തിലാണ് അഡ്വ. എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:-
മുണ്ടു മുറുക്കി ഉടുക്കണം.കാശില്ല, ഖജനാവ് കാലിയാണ്. യുഡിഎഫ് മന്ത്രിമാരെ പോലെയല്ല എൽഡിഎഫ് മന്ത്രിമാർ. അവർ കൈക്കൂലി വാങ്ങുന്നില്ല. സർക്കാരിൽ നിന്നു കിട്ടുന്ന 52,000രൂപ കൊണ്ട് കുടുംബം പുലർത്താൻ കഴിയില്ല. അതുകൊണ്ട് ശന്പളം കൂട്ടണം- 90,300 ആയി നിജപ്പെടുത്താം.
മന്ത്രിമാരേക്കാൾ കഷ്ടമാണ് എമ്മല്ലെമാരുടെ കാര്യം. അവർക്ക് വെറും 39,000രൂപയേ കിട്ടുന്നുളളൂ. അത് 62,000 രൂപയാക്കി പരിഷ്കരിക്കണം.യുഡിഎഫ് മന്ത്രിമാർ ഉപയോഗിച്ച പഴഞ്ചൻ കാറുകൾ നമ്മുടെ മന്ത്രിമാർ ഉപയോഗിക്കുന്നത് ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു തന്നെ അപമാനമാണ്. അതുകൊണ്ട് കാറും മാറ്റി.
പുത്തൻ ഇന്നോവ ക്രിസ്റ്റ 25എണ്ണം ഒന്നിച്ചു വാങ്ങി. വലിയ വിലയൊന്നുമില്ല- ഒന്നിന് 26ലക്ഷം മാത്രം.ഇതൊക്കെ വലിയ ആഡംബരമോ ധൂർത്തോ അല്ല. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ആസ്തിക്കും മന്ത്രിമാരുടെ പ്രശസ്തിയും പരിഗണിക്കുന്പോൾ ഇന്നോവ തീരെ പോരാ, ബെൻസോ ഓഡിയോ വാങ്ങാമായിരുന്നു. എൽഡിഎഫ് സർക്കാർ സിന്ദാബാദ്! മിതവ്യയശീലം സിന്ദാബാദ്.