വെറുമൊരു മോഷ്ടാവായോരെന്നെ കളളിയെന്നു വിളിക്കല്ലേ…നവോത്ഥാന വിരുദ്ധരും സാമ്രാജ്യത്വ ഫാസിസ്റ്റ് സയണിസ്റ്റ് ലോബിയുമാണ് ദീപ ടീച്ചറെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്; ദീപാ നിശാന്തിനെ പൊളിച്ചടുക്കി അഡ്വ.ജയശങ്കര്‍

കവിത മോഷണത്തെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയുടെ പരിഹാസം നേരിടുന്ന ദീപാ നിശാന്തിനെ കണക്കറ്റു പരിഹസിച്ച് അഡ്വ. ജയശങ്കര്‍. യുവകവി എസ്.കലേഷ് 2011ല്‍ ബ്ലോഗിലും പുസ്തകമായും പ്രസിദ്ധീകരിച്ച ‘ അങ്ങനെയിരിക്കേ മരിച്ചു പോയി ഞാന്‍/നീ’ എന്ന കൃതിയാണ് ചില അക്ഷരങ്ങള്‍ മാത്രം കൂട്ടിച്ചേര്‍ത്ത് ദീപ പ്രസിദ്ധീകരിച്ചത്. തന്റെ കൃതി അതേപടി ദീപയുടെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടത് കണ്ടതോടെ കലേഷ് രംഗത്തെത്തി. ഇതോടെയാണ് ദീപയുടെ കള്ളി പൊളിഞ്ഞത്. തുടര്‍ന്ന് ദീപ നടത്തിയ വിശദീകരണം ആര്‍ക്കും മനസ്സിലാകുന്നതല്ലെന്നും വിമര്‍ശനമുയര്‍ന്നു. സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആളുകളാണ് ഇവരുടെ പോസ്റ്റിന് പൊങ്കാലയിടുന്നത്. ഇതിനു പിന്നാലെയാണ് ജയശങ്കറിന്റെ പോസ്റ്റ്…

വെറുമൊരു മോഷ്ടാവായോരെന്നെ കളളിയെന്നു വിളിക്കല്ലേ….

സുപ്രസിദ്ധ സാഹിത്യകാരിയും പുരോഗമന മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് വിശ്വാസികളുടെ സ്‌നേഹഭാജനവും സര്‍വ്വോപരി നവോത്ഥാന നായികയുമായ ദീപാ നിഷാന്തിനെതിരെ സാഹിത്യ ചോരണം ആരോപിക്കുന്നു ചില തല്പരകക്ഷികള്‍.എസ് കലേഷ് എന്ന അപ്രശസ്ത കവി 2011ല്‍ എഴുതി പ്രസിദ്ധീകരിച്ച ഒരു കവിത അല്ലറചില്ലറ വ്യത്യാസങ്ങള്‍ വരുത്തി ദീപ സ്വന്തം പേരില്‍ പുന:പ്രസിദ്ധീകരിച്ചു എന്നാണ് ആരോപണം.

നവോത്ഥാന വിരുദ്ധരും സാമ്രാജ്യത്വ ഫാസിസ്റ്റ് സയണിസ്റ്റ് ലോബിയുമാണ് ദീപ ടീച്ചറെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്. ദീപ കോപ്പിയടിച്ചാണ് പരീക്ഷ പാസായതെന്നും കോഴ കൊടുത്താണ് ജോലി സമ്പാദിച്ചതെന്നും ഇനി ആരോപണം ഉയര്‍ന്നേക്കും.പുരോഗമന നാട്യക്കാരായ ചില പുംഗവന്മാരും ടീച്ചറെ കല്ലെറിയുന്നു എന്നതാണ് ഏറ്റവും ഭയങ്കരമായ സംഗതി. മീടൂ ആരോപണം നേരിടുന്ന വിശ്വമഹാകവി വരെ ഇക്കൂട്ടത്തിലുണ്ട്. ദീപാ നിഷാന്ത് ഇതുകൊണ്ടൊന്നും തളരില്ല. അവര്‍ സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരായ പോരാട്ടം തുടരുകതന്നെ ചെയ്യും.
# ദീപാ നിഷാന്തിനൊപ്പം
നവോത്ഥാന മൂല്യങ്ങള്‍ക്കൊപ്പം

Related posts