ചില സന്ദര്‍ഭങ്ങളില്‍ ബൂര്‍ഷ്വാസിയെ കബളിപ്പിക്കാന്‍ ഇതുപോലെയുള്ള അടവുനയം വേണ്ടിവരും; കൊടിയേരിയെ ട്രോളി അഡ്വ. ജയശങ്കര്‍

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ നടത്തിയ ശത്രു സംഹാരപൂജയെ ട്രോളി അഡ്വ. ജയശങ്കര്‍ രംഗത്ത്. കോടിയേരിയുള്‍പ്പെടെ പല സിപിഎം നേതാക്കള്‍ക്കെതിരേയും ശക്തമായ ആക്ഷേപമാണ് ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ചിരിക്കുന്നത്. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… കമ്മ്യൂണിസ്റ്റുകാര്‍ക്ക് പ്രേമിക്കാമോ ?ഒരു സഖാവ് പണ്ട് ഇഎംഎസ്സിനോടു ചോദിച്ചു.കമ്മ്യൂണിസത്തിനു വേണ്ടിയാണെങ്കില്‍ പ്രേമിക്കാം: സംശയലേശമന്യേ, ഈയെമ്മിന്റെ മറുപടി.ഇതാണ് പാര്‍ടി ലൈന്‍. കമ്മ്യൂണിസത്തിനു വേണ്ടി എന്തും ചെയ്യാം, അല്ലെങ്കില്‍ ഒന്നും ചെയ്യരുത്.

മഹത്തായ ഇന്ത്യന്‍ വിപ്ലവം സഫലീകരിക്കാനും സോഷ്യലിസം യാഥാര്‍ഥ്യമാക്കാനും വേണ്ടി പല ത്യാഗങ്ങളും സഹിക്കേണ്ടി വരും. ചിലപ്പോള്‍ ശത്രുദോഷ പരിഹാര പൂജ, മൃത്യുഞ്ജയ ഹോമം, സുദര്‍ശന ക്രിയ; മറ്റു ചിലപ്പോള്‍ ക്ഷുദ്രം, മാരണം, കൂടോത്രം.ചില സന്ദര്‍ഭങ്ങളില്‍ ബൂര്‍ഷ്വാസിയെ കബളിപ്പിക്കാന്‍ ഇതുപോലെയുളള അടവുനയം വേണ്ടിവരും. കടകംപള്ളി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വഴിപാട് കഴിപ്പിച്ചതും സുധാകരന്‍ ശബരിമല ശാസ്താവിനെ പറ്റി ഇംഗ്ലീഷില്‍ കവിത എഴുതിയതും അതുകൊണ്ടാണ്. വിരുദ്ധന്മാരും വിവരദോഷികളും പലതും പറയും. സഖാക്കളാരും അതു വിശ്വസിക്കരുത്. ജയശങ്കര്‍ പോസ്റ്റില്‍ പറയുന്നു. പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധി ആളുകളാണ് അത് ഷെയര്‍ ചെയ്തത്.

 

Related posts