സ്വന്തം ലേഖകൻ
തിരുവനന്തപുരം : ഇടതുമുന്നണിയും യുഡിഎഫും സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇനി ബിജെപി സ്ഥാനാർഥിയുടെ പ്രഖ്യാപനമാണ്. പാർട്ടിയ്ക്കു നല്ല സ്വാധീനമുള്ള മണ്ഡലത്തിൽ കുമ്മനം രാജശേഖരൻ തന്നെ സ്ഥാനാർഥിയാകുമെന്ന സൂചന ബിജെപി നേതാക്കൾ നൽകിക്കഴിഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കുമ്മനം സ്ഥാനാർഥിയായിരുന്നതിനാൽ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹം തന്നെ വീണ്ടും സ്ഥാനാർഥിയായാൽ ചുവരെഴുത്തിൽ ചില മാറ്റങ്ങൾ മാത്രം വരുത്തിയാൽ മതിയല്ലോ എന്ന ചിന്തയാണ് ഇവിടത്തെ ബിജെപി പ്രവർത്തകർക്ക്. അതുകൊണ്ടുതന്നെ കുമ്മനത്തിനായുള്ള കാത്തിരിപ്പിലാണു അവർ.
നേരത്തേ തന്നെ സ്ഥാനാർഥിയെ തീരുമാനിച്ചതിനാൽ പ്രചരണത്തിൽ ഇടതുമുന്നണിയും സ്ഥാനാർഥി വി.കെ.പ്രശാന്തും മണ്ഡലത്തിൽ ഇപ്പോൾ ഡ്രൈവിംഗ് സീറ്റിലാണ്.
റോഡ് ഷോയും മണ്ഡലത്തിലെ പ്രധാന വ്യക്തിത്വങ്ങളെ കാണുന്ന പരിപാടിയുമായി ഇടതുമുന്നണി സ്ഥാനാർഥി മണ്ഡലത്തിൽ പ്രചരണത്തിൽ സജീവമാണ്. ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും പ്രവർത്തകർ മേയർ സ്ഥാനാർഥിയായി എത്തിയത് ആഘോഷിക്കുകയാണ്. സമൂഹ്യമാധ്യമങ്ങളിയലൂടെ വലിയ പ്രചാരണമാണു പ്രശാന്തിനായി അവർ നടത്തുന്നത്. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പു കണ്വൻഷൻ നാളെ ചേരും.
യുഡിഎഫ് സ്ഥാനാർഥി ഡോ. കെ.മോഹൻകുമാർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനംഗ സ്ഥാനം ഇന്നലെ രാജിവച്ചു. പാലാ തെരഞ്ഞെടുപ്പു ഫലം യുഡിഎഫിനു പൊതുവേ വലിയ ക്ഷീണമുണ്ടാക്കിയെങ്കിലും പാലായല്ല വട്ടിയൂർക്കാവെന്നാണു മോഹൻകുമാറിന്റെ മറുപടി.
ഇന്നലെ മണ്ഡലത്തിലെ പാർട്ടി നേതാക്കളെയും പ്രവർത്തകരേയും നേരിൽ കാണുന്നതിനുള്ള തിരക്കിലായിരുന്നു അദ്ദേഹം. ബിജെപി സ്ഥാനാർഥിയുടെ പ്രഖ്യാപനം കൂടി ഇന്നെത്തിയാൽ ഉപതെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സ്ഥലങ്ങളിൽ ഏറ്റവും കടുത്ത തെരഞ്ഞെടുപ്പു മത്സരം നടക്കുന്ന മണ്ഡലമാകും വട്ടിയൂർക്കാവ്.
പാലാ ആവർത്തിക്കും: പ്രകാശ് ബാബു
പേരൂർക്കട: വട്ടിയൂർക്കാവിലും പാല ആവർത്തിക്കപ്പെടുമെന്നും പാലായിലെ ഇടത് മുന്നണി വിജയം, മുന്നണിക്ക് കൂടുതൽ ആത്മവിശ്വാസം ഉണ്ടാക്കിയെന്നും സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. സിപിഐ വട്ടിയൂർക്കാവ് നിയോജക മണ്ഡലം ബൂത്ത് കൺവീനർമാരുടെ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രകാശ് ബാബു.
രണ്ടാമതും അധികാരത്തിൽ വന്ന നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് തള്ളിവിട്ടുവെന്നും ചൈനയെ സാമ്പത്തികമായി മറികടക്കുമെന്ന് വീമ്പിളക്കിയ പ്രധാനമന്ത്രി ഇന്ത്യയെ ഏഴാം സ്ഥാനത്തേയ്ക്ക് തള്ളിവിടുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
കെ.മോഹൻകുമാർ രാജിവച്ചു
തിരുവനന്തപുരം : ഡോ. കെ.മോഹൻകുമാർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനംഗ സ്ഥാനം രാജിവച്ചു. ഇന്നലെ രാവിലെ രാജ്ഭവനിലെത്തിയാണു ഗവർണർക്ക് രാജിക്കത്ത് നൽകിയത്. ഉപതെരഞ്ഞെടുപ്പു നടക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നതിനാലാണു മനുഷ്യാവകാശ കമ്മീഷനംഗ സ്ഥാനം രാജിവയ്ക്കുന്നത്. അടുത്ത വർഷം ഏപ്രിലിലാണു മോഹൻകുമാറിന്റെ കാലാവധി അവസാനിക്കുന്നത്.