കൊച്ചി: നിയമ സഹായം തേടിയെത്തിയ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി.ജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരും.
മനുവിനെതിരായ ആരോപണം ഗുരുതരമാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിരീക്ഷിക്കുകയുണ്ടായി. നിലവിലെ സാഹചര്യത്തില്‍ അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കേണ്ടതില്ലെന്ന് ജസ്റ്റിസ് പി.ഗോപിനാഥ് വ്യക്തമാക്കി. നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിലാണ് പ്രതിയായ ഹൈക്കോടതിയിലെ സീനിയര്‍ സര്‍ക്കാര്‍ അഭിഭാഷകന് പി.ജി. മനുവിനെ പുറത്താക്കിയത്.
ചോറ്റാനിക്കര പോലീസ് കേസ് എടുത്തതിന് പിറകെ അഡ്വക്കറ്റ് ജനറല്‍ മനുവിന്റെ രാജി ആവശ്യപ്പെടുകയായിരുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് യുവതിയെ ബലാത്സഗം ചെയ്തെന്ന ആരോപണം ഗൗരവമുള്ളതാണെന്ന് കണ്ടെത്തിയാണ് പി.ജി. മനുവിനോട് അഡ്വക്കറ്റ് ജനറല്‍ രാജി ആവശ്യപ്പെട്ടത്.
സര്‍ക്കാറിനായി നിരവധി ക്രിമിനല്‍ കേസുകളില്‍ ഹാജരായ വ്യക്തിയില്‍നിന്ന് ഒരു തരത്തിലും സംഭവിക്കാന്‍ പാടില്ലാത്ത പ്രവൃത്തിയാണ് ഉണ്ടായതെന്നും എജി ഓഫീസ് വിലയിരുത്തി.
കേസില്‍ അതിജീവിതയുടെ ശാരീരിക മാനസിക അവസ്ഥ സംബന്ധിച്ച ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
അതിജീവിതയുടെ നിലവിലെ സ്ഥിതി മനസിലാക്കാന്‍ കോടതിയിലെ മുതിര്‍ന്ന വനിതാ അഭിഭാഷകയെ അയക്കുന്ന കാര്യം പരിഗണിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തിലെ വിശദീകരണം അതിജീവിതയുടെ അഭിഭാഷകന് ഇന്ന് കോടതിയെ അറിയിക്കും.
2018 ല്‍ ഉണ്ടായ ലൈംഗിക അതിക്രമ കേസിലെ അതിജീവിതയാണ് പരാതിക്കാരി. ഈ കേസില്‍ അഞ്ചു വര്‍ഷമായിട്ടും നടപടിയാകാതെ വന്നതോടെയാണ് നിയമ സഹായത്തിനായി പോലീസ് നിര്‍ദേശപ്രകാരം സര്‍ക്കാര്‍ അഭിഭാഷകനായ പി.ജി. മനുവിനെ സമീപിച്ചതെന്നാണ് യുവതി നല്കിയ മൊഴി.
ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിന് അഭിഭാഷകന്റെ ആവശ്യപ്രകാരം കടവന്ത്രയിലെ ഓഫീസിലെത്തിയപ്പോള്‍ തന്നെ കടന്ന് പിടിച്ച് മാനഭംഗപ്പെടുത്തിയെന്നും പിന്നീട് മാതാപിതാക്കള്‍ വീട്ടിലുണ്ടാവാത്ത സമയം നോക്കി തന്റെ വീട്ടിലെത്തി ക്രൂരമായി ബലാത്സംഗം ചെയ്തെന്നും രഹസ്യ ഭാഗങ്ങളുടെ ഫോട്ടോ എടുത്തെന്നുമാണ് മൊഴി നല്‍കിയിരിക്കുന്നത്.