കൊച്ചി: നിയമ സഹായം തേടിയെത്തിയ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തെന്ന കേസില്‍ മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി.ജി. മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു.
മനുവിനെതിരായ ആരോപണം ഗുരുതരമാണെന്ന് കോടതി നേരത്തെ നിരീക്ഷിക്കുകയുണ്ടായി. ചോറ്റാനിക്കര പോലീസ് കേസ് എടുത്തതിന് പിന്നാലെ അഡ്വക്കറ്റ് ജനറല്‍ പ്ലീഡർ സ്ഥാനത്തുനിന്ന് മനുവിന്റെ രാജി ആവശ്യപ്പെടുകയായിരുന്നു.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് യുവതിയെ ബലാത്സഗം ചെയ്തെന്ന ആരോപണം ഗൗരവമുള്ളതാണെന്ന് കണ്ടെത്തിയാണ് പി.ജി. മനുവിനോട് അഡ്വക്കറ്റ് ജനറല്‍ രാജി ആവശ്യപ്പെട്ടത്. സര്‍ക്കാറിനായി നിരവധി ക്രിമിനല്‍ കേസുകളില്‍ ഹാജരായ വ്യക്തിയില്‍ നിന്ന് ഒരു തരത്തിലും സംഭവിക്കാന്‍ പാടില്ലാത്ത പ്രവൃത്തിയാണ് ഉണ്ടായതെന്നും എജി ഓഫീസ് വിലയിരുത്തി.
2018 ല്‍ ഉണ്ടായ ലൈംഗിക അതിക്രമ കേസിലെ അതിജീവിതയാണ് പരാതിക്കാരി. ഈ കേസില്‍ അഞ്ചു വര്‍ഷമായിട്ടും നടപടിയാകാതെ വന്നതോടെയാണ് നിയമ സഹായത്തിനായി പോലീസ് നിര്‍ദേശപ്രകാരം സര്‍ക്കാര്‍ അഭിഭാഷകനായ പിജി മനുവിനെ സമീപിച്ചതെന്നാണ് യുവതി നല്കിയ മൊഴി.
ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒൻപതിന് അഭിഭാഷകന്റെ ആവശ്യപ്രകാരം കടവന്ത്രയിലെ ഓഫീസിലെത്തിയപ്പോള്‍ തന്നെ കടന്ന് പിടിച്ച് മാനഭംഗപ്പെടുത്തിയെന്നും പിന്നീട് മാതാപിതാക്കള്‍ വീട്ടിലുണ്ടാവാത്ത സമയം നോക്കി തന്റെ വീട്ടിലെത്തി ക്രൂരമായി ബലാത്സംഗം ചെയ്തെന്നും രഹസ്യ ഭാഗങ്ങളുടെ ഫോട്ടോ എടുത്തെന്നുമാണ് മൊഴി നല്‍കിയിരിക്കുന്നത്.