രണ്ടുദിവസം മുമ്പാണ് മലയാളത്തിലെ ഒരു പത്രം ഒന്നാംപേജില്‍ ഒരു വാര്‍ത്ത വന്നു. ലെഗിന്‍സ് അണിഞ്ഞ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട വനിതാ എംഎല്‍എ പുരുഷസുഹൃത്തിനൊപ്പം അതിരുവിട്ട ബന്ധങ്ങളില്‍ ഏര്പ്പെടുന്നെന്നുവെന്നും പാര്‍ട്ടി വേദികളില്‍ വിലക്കേര്പ്പെടുത്തിയെന്നുമായിരുന്നു അത്. എംഎല്‍എയുടെ പേര് വ്യക്തമാക്കാതെയായിരുന്നു വാര്‍ത്ത. കായംകുളം എംഎല്‍എ യു. പ്രതിഭാഹരിയെപ്പറ്റിയാണോ വാര്‍ത്തകളില്‍ പറഞ്ഞിരിക്കുന്നതെന്ന് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയും കൊഴുത്തു. വാര്‍ത്തകളോട് മൗനം പാലിച്ച പ്രതിഭാഹരി ഇപ്പോള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചില കാര്യങ്ങള്‍ തുറന്നടിച്ചിരിക്കുന്നത. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
“ഓര്‍ക്കുക വല്ലപ്പോഴും “… ടോള്‍സ്റ്റോയിയുടെ ഒരു കഥയുടെ ശീര്‍ഷകം ഓര്‍ക്കുന്നു.. “God sees thet ruth; but wait..” സ്ത്രീകളെ വേട്ടയാടാന്‍ ഇറങ്ങുന്നവരും കാണികളും ഒരേ പോലെ തന്നെ; രസമുണ്ട് പറഞ്ഞ് ചിരിക്കാന്‍, ആക്ഷേപിക്കാന്‍, സ്വഭാവഹത്യ നടത്താന്‍. പൊതുരംഗത്തെ സ്ത്രീകളെ പറ്റി പ്രത്യേകിച്ചും. അവര്‍ പൊതുവഴിയിലെ ചെണ്ട പോലെ. കൊട്ടി ആഘോഷിക്കുന്നതിന് മുന്‍പ് ഒന്നോര്‍ത്തോളൂ. കണ്ണുകള്‍ അടച്ച്. നിങ്ങളുടെ അമ്മയും, ഭാര്യയും, സഹോദരിയും, സ്നേഹിതയുമൊക്കെ മനസറിയാത്ത കാര്യത്തിന് തീവ്ര വേദനയില്‍ നെഞ്ചുപൊട്ടി നിങ്ങള്‍ കാണാതെയോ കണ്ടോ ഒരിക്കല്‍ കരഞ്ഞിട്ടുണ്ടാക്കും.;
ഓര്‍മ്മയിലുണ്ടോ ആ രംഗം? സ്ത്രീയുടെ കണ്ണുനീരിന് ഉപ്പിന്റെ രൂചി മാത്രമല്ല; രക്തത്തിന്റെ രുചി കൂടിയുണ്ടെന്ന് ഓര്‍മ്മ വേണം; ഓര്‍ക്കുക വല്ലപ്പോഴും… കാമ കഴുതകള്‍ കരഞ്ഞുകൊണ്ട് ജീവിക്കും; അതൊരു ജന്തു വിധി. ചിലപ്പോള്‍, ഇതാവും വാര്‍ത്തക്കു പിന്നിലെ വാര്‍ത്ത.. ആ കരച്ചിലിനെ ചിലര്‍ കവിതയെന്നും കരുതും. ഏതു പെണ്ണും തന്റെ വേളിക്കു വേണ്ടിയെന്നു കരുതിയ ഇന്ദുലേഖയിലെ സൂരിനമ്പൂതിരിയുടെ പുത്തന്‍ തലമുറ ശുംഭന്മാര് നമുക്ക് ചുറ്റുമുണ്ട്. കാല ക്രമത്തില്‍ അവര്‍ക്ക് നീളം കുറഞ്ഞെന്നു മാത്രം.. തനിക്കു വഴങ്ങാത്തവരെപ്പറ്റി സൂരി നമ്പൂതിരി പലവിധ മനോരാജ്യങ്ങള്‍ കാണും; പ്രചരിപ്പിക്കും. ഒടുവില്‍ സ്വഭാവഹത്യ എന്ന ആയുധം പ്രയോഗിക്കും.
ഉടുപ്പും നടപ്പും ചര്‍ച്ചയാകുന്നതിന്റെ പൊരുള്‍ ഇത്ര മാത്രമെന്ന് ഓര്‍ക്കുക വല്ലപ്പോഴും. തന്റേടമുള്ള പെണ്ണിന്റെ കൈ മുതല്‍ സംസ്ക്കാരവും പ്രതികരണ ശേഷിയുമാണ്. ചുരിദാറും സുഹൃത്തുക്കളുമാകില്ല. ദുരിതക്കയങ്ങള്‍ നീന്തി തളര്‍ന്നവരാണ് എന്റെ സ്നേഹിതര്‍. കരയുന്ന അമ്മമാരും ചിരിക്കുന്ന കുഞ്ഞുങ്ങളുമാണ് എന്റെ കൂട്ടുകാര്‍. സൂരി നമ്പൂതിരിയുടെ കണ്ണുകള്‍ സ്ത്രീ യുടെ വസ്ത്രത്തില്‍ ഉടക്കി നില്ക്കും. അയയില്‍ കഴുകി വിരിക്കാന്‍ പോലും അവര്‍ സമ്മതിക്കില്ല… പിന്നെ, ഇട്ടു നടക്കുന്നവരെ വെറുതെ വിടുമോ? ധീരന് ഒരിക്കലേ മരിക്കൂ., ഭീരു അനുനിമിഷം മരിക്കുന്നു… അനുനിമിഷം മരിക്കേണ്ടവര് നമ്മള് അല്ല. കണ്ണുനീരിന് രക്തത്തിന്റെ നിറം. രക്തത്തിന്റെ രുചി. ഓര്‍ക്കുക വല്ലപ്പോഴും.
ഈ മാസം 17 ന് എംഎല്‍എ ലെഗിന്‍സ് പോലുള്ള ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ച് പൊതുവേദികളിലും നിയമസഭയുടെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമംസംബന്ധിച്ച സമിതിയിലും പങ്കെടുത്തതയാണ് പത്രവാര്‍ത്തയില്‍ പറഞ്ഞിരുന്ന ആരോപണങ്ങളിലൊന്ന്. പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള സംസാരത്തിലും പെരുമാറ്റത്തിലും മാന്യത പുലര്‍ത്തുന്നില്ല എന്നും ആരോപണമുണ്ട്.
നിയമസഭയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രസംഗിക്കുമ്പോള്‍ സഭയിലിരിക്കാതെ ഇറങ്ങിപ്പോകുകയാണ് മറ്റൊരു ശീലം. ഈ സമയത്ത് ആണ് സുഹൃത്തിനോടൊപ്പം നിയമസഭാ ക്യാന്റീനിലും മറ്റും ചുറ്റിക്കറങ്ങുന്നതാണ് ഇവര്ക്കിഷ്ടമെന്നും പറയപ്പെടുന്നു. സ്വന്തം മണ്ഡലത്തില്‍ നടന്ന ശിശുദിനാഘോഷത്തില്‍ ഒരു പൊതുപ്രവര്‍ത്തകയ്ക്കു ചേരാത്ത വേഷവിധാനങ്ങളണിഞ്ഞു പ്രത്യക്ഷപ്പെട്ടത് വന്‍ പ്രതിഷേധത്തിനിടയാക്കി. എംഎല്‍എയുടെ വസ്ത്രധാരണത്തെ ആഘോഷത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ വിമര്‍ശിച്ചു. ഇവരെക്കണ്ട് തങ്ങളുടെ മക്കള്‍ വഴിതെറ്റിപ്പോകുമോയെന്ന് അവര്‍ കരുതുന്നത് സ്വാഭാവികം.
സഭയില്‍ വൈകിവരുന്നതിനും മുങ്ങുന്നതും സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയുടെ അനുമതിയില്ലാതെയാണെന്നത് പാര്‍ട്ടിയില്‍ കടുത്ത അമര്‍ഷമുണ്ടാക്കി. എം.എല്‍.എ. ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഇവര്‍ മറ്റു വനിതാ എംഎല്‍എമാര്‍ ഹോസ്റ്റല്‍ വിട്ടശേഷം മാത്രമാണ് മുറിയില്‍നിന്നു പുറത്തിറങ്ങുന്നത് എന്നും ആക്ഷേപമുണ്ട്. മണ്ഡലത്തിലെ ഒരു ക്ഷേത്രത്തില്‍ നടന്ന പരിപാടിയില്‍ എംഎല്‍എയുടെ പേര് പുരുഷസുഹൃത്തിനോടൊപ്പം അച്ചടിച്ചു കണ്ടപ്പോള്‍ സംശയം തോന്നിയ പാര്‍ട്ടി അന്വേഷിച്ചു. എന്നാല്‍ ആരും ക്ഷണിച്ചില്ലെന്നും സുഹൃത്തിനെ അറിയില്ലെന്നും പറഞ്ഞ് ഇവര്‍ കൈമലര്‍ത്തിയത്രേ. എന്തായാലും വാര്‍ത്തകളിലും സോഷ്യല്‍മീഡിയ ചര്‍ച്ചകളിലും എംഎല്‍എയെക്കുറിച്ചുള്ള വാര്‍ത്ത ചൂടുപിടിക്കുന്നുണ്ട്.