തിരുവനന്തപുരം: സോളർ കമ്മീഷൻ റിപ്പോർട്ടിനെതിരേ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ കേസിൽ ഹൈക്കോടതിയിൽ സർക്കാരിനു വേണ്ടി വാദിക്കാൻ ഡൽഹിൽനിന്നു കൊണ്ടു വന്ന അഭിഭാഷകനു നൽകുന്നത് ഒരു കോടി രൂപ.
ബിജെപി സർക്കാരിനു കീഴിൽ സോളിസിറ്റർ ജനറലായിരുന്ന രഞ്ജിത്കുമാറാണു സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരാകുന്നത്. ഒരു തവണ ഹാജാരാകുന്നതിന് 20 ലക്ഷം രൂപ വീതം നൽകണം. പുറമേ അദ്ദേഹത്തിന്റെ വിമാനക്കൂലിയും താമസച്ചെലവും. കേസ് ആദ്യം കോടതിയിൽ എത്തിയപ്പോൾ അഡീഷണൽ അഡ്വക്കറ്റ് ജനറലായിരുന്നു സർക്കാരിനു വേണ്ടി ഹാജരായത്.
തുടർന്നു കഴിഞ്ഞ ഫെബ്രുവരി 27ന് അവധിക്കു വച്ചപ്പോൾ രഞ്ജിത് കുമാറിനെ കൊണ്ടു വരാൻ തീരുമാനിച്ചു. അദ്ദേഹത്തിനു നൽകാൻ 20 ലക്ഷം രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും എടുത്തു വച്ചിരുന്നു. എന്നാൽ, അന്നു കേസ് എടുത്തില്ല. തുടർന്നു മാർച്ച് ഒന്നു മുതൽ നാലു വരെ തുടർച്ചയായി അദ്ദേഹം സർക്കാരിനു വേണ്ടി ഹാജരായി.
മാർച്ച് ഒന്നിലെ പ്രതിഫലമായി ഡിഡി നൽകി. ശേഷിച്ച 60 ലക്ഷം അഡ്വക്കറ്റ് ജനറൽ കൈമാറി. 80 ലക്ഷം നൽകിയിട്ടുണ്ട്. ഇനി 17നു ഹാജരാകുന്നതിനുള്ള 20 ലക്ഷം കൂടി ചേർത്ത് 80 ലക്ഷം രൂപ അനുവദിക്കണമെന്ന് എജി നിയമ സെക്രട്ടറിക്കു കത്തയച്ചിരുന്നു. ഇതു കൂടി ചേരുന്പോൾ തുക ഒരു കോടിയാകും. ഇതു സംബന്ധിച്ച ഫയൽ നിയമമന്ത്രി അംഗീകരിച്ചു മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കു വിട്ടിരിക്കുകയാണ്.
കേസിനെക്കുറിച്ചു രഞ്ജിത് കുമാറിനു വിവരിച്ചു നൽകാനായി രണ്ടു ഗവണ്മെന്റ് പ്ലീഡർമാർ ഡൽഹിയിലേക്കു പോയിരുന്നു. അവരുടെ ചെലവ് ഇതിനു പുറമേയാണ്. സംസ്ഥാന സർക്കാരിനു വേണ്ടി ഹൈക്കോടതിയിൽ വാദിക്കാൻ എജി, രണ്ട് അഡീഷണൽ എജി, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ, സ്റ്റേറ്റ് അറ്റോർണി, 122 അഭിഭാഷകർ എന്നിവർ ഉണ്ടായിരിക്കേയാണ് ഒരു കോടിയിലേറെ മുടക്കി അഭിഭാഷകനെ കൊണ്ടുവന്നത്.
സോളാർ കേസിൽ സരിതയും സംഘവും തട്ടിയെടുത്തതായി പരാതിയുള്ളത് 6.5 കോടി രൂപയാണ്. എന്നാൽ, സോളാർ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച ജുഡീഷൽ കമ്മീഷന്റെ ചെലവ് 7.5 കോടി രൂപയായി. ഇതിനിടയിലാണ് ഇപ്പോൾ അഭിഭാഷകനു വേണ്ടിയും ഒരു കോടി പൊടിക്കുന്നത്.