സ്വന്തം ലേഖകൻ
തൃശൂർ: ഇന്നലെ അന്തരിച്ച അഡ്വ.വി. ബലറാം തൃശൂരിലെ മാധ്യമപ്രവർത്തകരുടെ അടുത്ത സുഹൃത്തായിരുന്നു. വേണമെങ്കിൽ മാധ്യമപ്രവർത്തനവും തനിക്കു വഴങ്ങുമെന്നു തെളിയിച്ചിട്ടുണ്ട് ബലറാം.
ആ കഥയിങ്ങനെ:
ഏതാനും വർഷങ്ങൾക്കു മുന്പ് തൃശൂരിൽ ഒരാന ഇടഞ്ഞു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ജില്ലയുടെ ഉൾഭാഗത്തെവിടെയോ വച്ച് ഇടഞ്ഞത്. ആ ഭാഗത്തു ലേഖകൻ ഇല്ലാത്ത പത്രത്തിന്റെ ജില്ലാ ബ്യൂറോയിൽനിന്നു കാര്യങ്ങളറിയാനായി കൊച്ചിൻ ദേവസ്വം ബോർഡിന്റെ പിആർഒ ആയിരുന്ന ബലറാമേട്ടൻ എന്നു വിളിക്കുന്ന ബലറാമിനെ ഫോണിൽ വിളിച്ചു.
ലേഖകൻ – ങാ ബലറാമേട്ടാ…മ്മടെ ആ …ആന ഇടഞ്ഞൂന്നു കേട്ടു. എനിക്കതിന്റെ ഡീറ്റെയിൽസ് വേണല്ലോ…
ബലറാം – (ശബ്ദം താഴ്ത്തി) ഞാനൊരു മീറ്റിംഗിലാണല്ലോ….
ലേഖകൻ – ഓ. എന്നാലും ഒന്നുനോക്കൂ… ഞാൻ കുറച്ചു കഴിഞ്ഞിട്ടു വിളിക്കാം
ഫോണ് കട്ടുചെയ്യുന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞ് ലേഖകൻ വീണ്ടും ബലറാമിനെ വിളിക്കുന്നു….
ലേഖകൻ – ബലറാമേട്ടാ എന്തായി ആന ഇടഞ്ഞിട്ടുണ്ടോ…തളച്ചോ. നാശനഷ്ടമുണ്ടോ..ആൾക്കാർക്കൊന്നും പറ്റിയിട്ടില്ലല്ലോ….
ബലറാം – (ശബ്ദം താഴ്ത്തിയിട്ടുതന്നെ) ഞാൻ ഇപ്പോ തിരിച്ചു വിളിക്കാം.
ഫോണ് വീണ്ടും കട്ടായി.
കുറച്ചു കഴിഞ്ഞപ്പോഴേക്കും ലേഖകനെ തേടി ബലറാമിന്റെ വിളിയെത്തി
ആന രാവിലെയാണ് ഇടഞ്ഞതെന്നും കുറച്ചു ദൂരം ഓടിയെന്നും അവിടെയുള്ള ഒരാളുടെ പറന്പിൽ തളച്ചുവെന്നും ചില നാശനഷ്ടങ്ങളുണ്ടായെന്നും ആളപായമില്ലെന്നുമെല്ലാം ലേഖകനോടു വിശദമായി പറഞ്ഞുകൊടുത്തു.
എല്ലാം കഴിഞ്ഞശേഷം ബലറാം ലേഖകനോടു ചോദിച്ചു…
ബലറാം – അല്ല സുഹൃത്ത,േ താങ്കൾ എന്തിനാ ആന ഇടഞ്ഞ കാര്യത്തിന് എന്നെ വിളിച്ചത്…എനിക്ക് അതൊട്ടും മനസിലായില്ല….
ലേഖകൻ – (അൽപം സംശയത്തോടെ) ബലറാമേട്ടനല്ലേ….കൊച്ചിൻ ദേവസ്വം ബോർഡ് പിആർഒ ബലറാം…
അപ്പോൾ അപ്പുറത്തുനിന്ന് ചെറുചിരിയോടെ..
ആ ബലറാമല്ല ഈ ബലറാം…
ഞാൻ അഡ്വ.വി.ബലറാം എംഎൽഎ…..
ലേഖകൻ തലയ്ക്കടിയേറ്റ പോലെയിരിക്കുന്പോൾ ബലറാം തുടർന്നു. സാരമില്ല. ആനയിടഞ്ഞ സ്ഥലത്തെ കോണ്ഗ്രസുകാരെ വിളിച്ച് മീറ്റിംഗിനിടെയാണ് താൻ വിവരങ്ങൾ ശേഖരിച്ചതെന്നും കറക്ടാണെന്നും ധൈര്യമായി പത്രത്തിൽ കൊടുത്തോളൂവെന്നും ചിരിച്ചുകൊണ്ട് ബലറാം പറഞ്ഞു.
അതായിരുന്നു വി.ബലറാം. ഒരാൾ ഒരു കാര്യം ആവശ്യപ്പെട്ടാൽ അതു സാധിച്ചുകൊടുക്കും.