എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: വ്യാജ എൽ.എൽ.ബി സർട്ടിഫിക്കറ്റുമായി നിരവധി പേർ സംസ്ഥാനത്ത് അഭിഭാഷക വൃത്തി നടത്തുന്നതായി കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യാജ അഭിഭാഷകൻ ഒറ്റശേഖരമംഗലം തലക്കോണം തലനിരവീട്ടിൽ വിനോദിന്റെ മൊഴി. വിനോദിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസന്വേഷണം നടത്തുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഡി അശോകന്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. മൂന്നു ദിവസത്തെ കസ്റ്റഡിയിൽവിട്ട ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഇത്തരത്തിൽ മൊഴി നൽകിയത്.
ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ് പരിശോധനയടക്കം നടത്തുന്നതിനായി അന്വേഷണ സംഘം ബാർ കൗൺസിലിനെ സമീപിക്കും. ബാർ കൗൺസിലിന്റെ ഇടപെടൽ കൂടി ഉണ്ടായാലെ വ്യാജ ഡിഗ്രിയുമായി ആരെങ്കിലും അഭിഭാഷക വൃത്തി നടത്തുന്നുണ്ടെങ്കിൽ കണ്ടെത്താൻ സാധിക്കു. ഇയാൾ വ്യാജ സർട്ടിഫിക്കറ്റുകൾ ആർക്കെങ്കിലും ഇതുപോലെ സംഘടിപ്പിച്ചു കൊടുത്തിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുകയാണ്.
വ്യാജ സർട്ടിഫിക്കറ്റ് നൽകിയത് അഭിഷേക് സിംഗ് എന്നയാളാണെന്നാണ് ഇയാളുടെ മൊഴി. എന്നാൽ ബീഹാറിലും മൈസൂരിലും ബാംഗ്ലൂരിലുമെല്ലാം അന്വേഷണം നടത്തിയെങ്കിലും അഭിഷേക് സിംഗിനെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. സർട്ടിഫിക്കറ്റുകൾ ഇയാൾ തന്നെ സർവകലാശാലകളുടെ പേരിൽ വ്യാജമായി ഉണ്ടാക്കിയതെന്ന സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്.
ബീഹാർ ചാപ്ര ജില്ലയിലുള്ള ഗംഗ സിംഗ് ലോ കോളജിൽ നിന്ന് എൽഎൽബി പാസായതായുള്ള വ്യാജ മാർക്ക് ലിസ്റ്റുകളും സർട്ടിഫിക്കറ്റുകളും നിർമിച്ചാണ് കോടതിയെയും ബാർകൗണ്സിലിനെയും കഷികളെയും കബളിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ജില്ലാ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള ഇയാളെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്. നെയ്യാറ്റിൻകര കോടതി മൂന്നു ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടിരിക്കുന്നത്.
ഇയാൾക്കെതിരെ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ കേസുണ്ട്. സെന്ററൽ പോലീസ് അടുത്ത ദിവസം ഇയാളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിൻകര കോടതിയിൽ അപേക്ഷ സമർപ്പിക്കും. നിരവധി പേർ ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുമായി അഭിഭാഷക വൃത്തി നടത്തുന്നതായുള്ള സംശയം ഉയർന്ന സാഹചര്യത്തിൽ ഇതേക്കുറിച്ച് വിശദമായ അന്വേഷണം തന്നെ വേണമെന്ന ആവശ്യം അഭിഭാഷകരുടെ ഇടയിൽ നിന്നു തന്നെ ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താനാണ് സർക്കാരും അന്വേഷണ സംഘത്തിന് നൽകിയ നിർദ്ദേശം.
കഴിഞ്ഞ ബുധനാഴ്ചയാണ് ഒറ്റശേഖരമംഗലം സ്വദേശിനി സെലിന്റെ പരാതിയിൽ തിരുവനന്തപുരം റൂറൽ എസ്പിയുടെ നിർദേശപ്രകാരം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഡി.അശോക് കുമാർ വിനോദിനെ അറസ്റ്റ് ചെയ്തത്. പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള പ്രതി എംഎ എൽഎംഎം നേടിയിട്ടുള്ളതായാണ് ഓഫീസിൽ പ്രദർശിപ്പിച്ചിരുന്ന നെയിം ബോർഡിലും ഉളളത്. പ്രതിയെ നെയ്യാറ്റിൻകരയിലെ ഓഫീസിലും ഒറ്റശേഖരമംഗലത്തെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.