കൊറിയന് കമ്പനിയായ ഹ്യൂണ്ടായ് ഇന്ത്യയിലെത്തിയിട്ട് 20 വര്ഷം പിന്നിട്ടിരിക്കുന്നു. ഇന്ത്യയില് തങ്ങളുടെ 20-ാം വാര്ഷികം ആഘോഷിക്കുന്ന തിരക്കിലാണ് കമ്പനി. ഇതിന്റെ ഭാഗമായി രാജ്യസ്നേഹം പ്രകടമാക്കി ഇന്ത്യന് സൈന്യത്തെ പ്രമേയമാക്കി കമ്പനി പുറത്തിറക്കിയ പരസ്യചിത്രം യൂട്യൂബില് വൈറലായിക്കൊണ്ടിരിക്കുകയാണ്.
രാജ്യത്തിന് വേണ്ടി സ്വന്തം ജീവന് സമര്പ്പിക്കുന്ന സൈനികര് എല്ലാ കാര്യത്തിലും മുന്ഗണന അര്ഹിക്കുന്നു എന്ന സന്ദേശം നല്കുന്നതാണ് പരസ്യചിത്രം. ജൂലായ് 17-ന് യൂട്യൂബില് അപ്ലോഡ് ചെയ്ത വീഡിയോ ഇതിനോടകം മൂന്നരക്കോടിയിലേറെ ആളുകള് കണ്ടുകഴിഞ്ഞു.
മുതിര്ന്ന സൈനിക ഉദ്യോഗസ്ഥന് യുവ സൈനികരുമായി സംസാരിക്കുന്നിടത്താണ് പരസ്യം ആരംഭിക്കുന്നത്. ഇവരുടെ ചോദ്യത്തിന് മറുപടിയായി തനിക്ക് ആദ്യം നിയമനം ലഭിച്ച കാര്ഗിലിലേക്കുള്ള യാത്രയെക്കുറിച്ച് വിവരിക്കുകയാണ് മുതിര്ന്ന സൈനികന്. പ്രശസ്ത നടന് അതുല് കുല്ക്കര്ണിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.
യാത്രാമദ്ധ്യേ ട്രെയിന് എന്ജിന് പണിമുടക്കിയതിനാല് കാര്ഗിലിലേക്കുള്ള ബാക്കിദൂരം കുന്നുകളും റോഡുകളും താണ്ടി നടന്നുമുന്നേറുകയാണ് സൈനികന്. ഇതിനിടയില് ഒരാള് കാറില് ലിഫ്റ്റ് കൊടുക്കാന് തയ്യാറാകുന്നു.
തനിക്ക് പേകേണ്ട വഴി അല്ലാതിരുന്നിട്ടും തന്റെ ഇന്റര്വ്യൂ വരെ വേണ്ടെന്ന് വെച്ച് അയാള് കൃത്യസമയത്ത് സൈനികനെ യഥാസ്ഥാനത്ത് എത്തിക്കുന്നു. രാജ്യത്തെ സേവിക്കുന്നവരാണ് ആദ്യം സേവിക്കപ്പെടേണ്ടതെന്ന മറുപടിയാണ് ഇതിന് അയാള് നല്കിയത്.
അന്ന് തന്നെ സഹായിച്ച ആ വ്യക്തിയെ ഇതേ വേദിയില് വെച്ച് മുതിര്ന്ന സൈനികന് യുവ സൈനികര്ക്ക് പരിചയപ്പെടുത്തുകയും ചെയ്തു. രാജ്യത്തിനായി സേവനം ചെയ്യുന്ന ഓരോ സൈനികരും എല്ലാ കാര്യത്തിലും മുന്ഗണന അര്ഹിക്കുന്നു എന്ന് ഓര്മിപ്പിച്ചാണ് പരസ്യം അവസാനിക്കുന്നത്. പരസ്യത്തെ അഭിനന്ദിച്ചു കൊണ്ട് ധാരാളം ആളുകള് കമന്റ് ചെയ്യുന്നുമുണ്ട്.