ഒരൊറ്റ വീഴ്ചയാണ്! 128 കിലോഗ്രാമിൽനിന്ന് 37-ലേക്ക്… ഭാരക്കണക്കിൽ അത് ജൂലിയുടെ ജീവിതത്തിന്റെ വീഴ്ചയായിരുന്നു. ജീവിതത്തിന്റെ മൂന്നിൽ രണ്ടുഭാഗം തീർന്നുവെന്നു പറയാവുന്നവിധം മരണക്കിടക്കയിലേക്ക്.
എന്തായിരുന്നു കഥ?
128 കിലോഗ്രാം എന്ന ശരീരഭാരവുമായി ഇനി മുന്നോട്ടുവയ്യ എന്നു തീർച്ചപ്പെടുത്തി ജൂലി ഒരുനാൾ. അത്ര ഗുരുതരമല്ലാത്ത മാനസിക സമ്മർദ്ദങ്ങൾ ഒഴിവാക്കാൻ കഴിച്ചിരുന്ന മരുന്നുകൾ അവരെ അത്രയ്ക്കു വണ്ണംവയ്പ്പിച്ചിരുന്നു.
ഞാൻ എയ്റോബിക്സ് ചെയ്തുനോക്കി, ഭക്ഷണം തീർത്തും കുറച്ചു.. ഒന്നും ഗുണംചെയ്തില്ല.. വീണ്ടും വീണ്ടും തടിച്ചുകൊണ്ടിരുന്നു. ഇരുന്നിടത്തുനിന്ന് എഴുന്നേറ്റു നടക്കാൻപോലും കഴിയാതായി. എന്തുചെയ്യണം എന്നറിയില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് ഗ്യാസ്ട്രിക് ബാൻഡ് ഓപ്പറേഷൻ ഉൾപ്പെടെയുള്ള ചികിത്സ ചെയ്യാമെന്നു തീരുമാനിച്ചത്- ജൂലി പറയുന്നു. ആ തീരുമാനം ജൂലിയുടെ ജീവിതം തകിടംമറിച്ചു.
എന്നിട്ടെന്തുണ്ടായി?
കൊഴുപ്പടിഞ്ഞ് വട്ടംവച്ച വയറിന്റെ എഴുപതു ശതമാനം, കുടലിന്റെ മൂന്നിൽ രണ്ടുഭാഗം- ഇത്രയുമാണ് ഒരു കോടി രൂപയോളം മുടക്കി ചെയ്ത ശസ്ത്രക്രിയയിൽ ജൂലിയുടെ ശരീരത്തിൽനിന്നു പോയത്.
അതോടെ എല്ലാം ശരിയായോ? ഇല്ല. ഇല്ലെന്നുമാത്രമല്ല, ഓപ്പറേഷൻ കഴിഞ്ഞ് ഏതാനും മണിക്കൂറുകൾ പിന്നിട്ടതോടെതന്നെ ജൂലിക്ക് അസ്വസ്ഥതകൾ തുടങ്ങി. ആശുപത്രിയിൽനിന്നു വീട്ടിൽ മടങ്ങിയെത്തിയിട്ടും വേദന കൂടിക്കൂടിവന്നു. വയറിൽ തീ കോരിയിട്ട അവസ്ഥ. എന്തെങ്കിലും കഴിച്ചാലുടൻ ആ തീ ആളിക്കത്തും.
ഒരു വർഷംകൊണ്ട് ശരീരം വീണ്ടും മെലിഞ്ഞു. ആവശ്യത്തിനു വൈറ്റമിനുകളും മറ്റു പോഷകങ്ങളും കിട്ടാതെ അതൊരു നേർരേഖപോലെ ചുരുങ്ങി.
കണ്ണാടിയിൽ കാണുന്നത് എന്നെയല്ല എന്നുതോന്നി എനിക്ക്. ഞാനൊരിക്കലും ആ അസ്ഥികൂടമല്ലായിരുന്നു. എന്റെ എല്ലുകൾ തൊലിപ്പുറത്തേക്കു തള്ളിവരുന്നത് എനിക്കു കാണാമായിരുന്നു. എനിക്കത് ഭയാനകമായിത്തോന്നി. പുറത്തേക്കൊന്നു പോകാൻപോലും പറ്റാതായി- ജൂലി പറയുന്നു.
ഒന്നരമാസം നീണ്ടുനിന്ന ചികിത്സയ്ക്കും കാര്യമായൊന്നും ചെയ്യാനായില്ല. ഓപ്പറേഷനെത്തുടർന്നുള്ള പാർശ്വഫലങ്ങൾ തുടർന്നുകൊണ്ടിരുന്നു.
മരണം മുന്നിൽ
ഒരു പോഷകാഹാര വിദഗ്ധനെ കാണാനായിരുന്നു പിന്നീടു ജൂലിക്കു കിട്ടിയ ഉപദേശം. അദ്ദേഹം അവരെ മറ്റൊരു കണ്സൾട്ടന്റിനടുത്തേക്ക് കൊണ്ടുപോയി. അതല്ലെങ്കിൽ മരണമാണ് മുന്നിലെന്ന് ജൂലിക്കറിയാമായിരുന്നു. വീണ്ടും ശസ്ത്രക്രിയ.
മുറിച്ചു നീളം കുറച്ച കുടലിന് ഒരു മീറ്റർ നീളംകൂട്ടുക എന്നതായിരുന്നു ലക്ഷ്യം. അതു ചെറുതായി ഫലംചെയ്തു. കുറച്ചെങ്കിലും ഭക്ഷണംകഴിക്കാമെന്നായി. അല്പം ഭാരംകൂടി. ഇനിയാ ചികിത്സ തുടരണം. 5,000 കലോറി വരുന്ന ഭക്ഷണമാണ് ഇപ്പോൾ ദിവസേന ജൂലി കഴിക്കുന്നത്. ഒരു സാധാരണ സ്ത്രീക്ക് അതിന്റെ പകുതി കലോറിയേ ആവശ്യമുള്ളൂ എന്നറിയണം.
ഒപ്പം നാല്പതു തരം മരുന്നുകൾ ദിവസവും കഴിക്കണം. ഓസ്റ്റിയോപൊറോസിസ്, ബാലൻസിംഗ് പ്രശ്നങ്ങൾ, കാഴ്ചക്കുറവ്, ചലനശേഷിയില്ലായ്മ തുടങ്ങിയ ബുദ്ധിമുട്ടുകൾ ജൂലിയെ വിഷമിപ്പിക്കുന്നതു തുടരുന്നു.
ഇത്രയും ദുരിതങ്ങൾ ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഈ ശസ്ത്രക്രിയയ്ക്ക് മുതിരില്ലായിരുന്നു എന്നാണ് ഇപ്പോൾ ജൂലിയുടെ പക്ഷം. പഴയകാലത്തേക്ക് തിരിച്ചുപോകാൻ കഴിഞ്ഞെങ്കിലെന്ന് അവർ ആഗ്രഹിക്കുന്നു, ഒരിക്കലും നടക്കില്ലെന്ന് അറിയാമെങ്കിലും.
എന്റെ ജീവിതം ഇനി ഇങ്ങനെത്തന്നെയായിരിക്കും. ഇനിയൊന്നും നന്നാവാൻ പോകുന്നില്ല. ഒരു ജോലിചെയ്തു ജീവിക്കാനും കഴിയില്ല- ഒരു ജീവിതത്തെ നിരാശ മൂടുന്നത് ഈ വിധമാണ്.
തയാറാക്കിയത്: വി.ആർ.