ഗാന്ധിനഗർ: അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ കേസ് പിടിക്കാൻ വരുന്ന വക്കീൽ ഏജന്റുമാർക്ക് പണി കിട്ടി. മെഡിക്കൽ കോളജ് ആശുപത്രിയിലെ വാർഡുകളിൽ കയറിയിറങ്ങി റോഡ് അപകടങ്ങളിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന രോഗികളുടെ ചികിത്സാരേഖകൾ മൊബൈലിൽ പകർത്തുന്നുവെന്ന വ്യാപകമായ പരാതിയെ തുടർന്ന് ഇവരെ വാർഡുകളിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.
വക്കീൽ ഏജന്റുമാരെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ആശുപത്രി അധികൃതർ നിർദ്ദേശം നൽകിയതായി സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസം ആർപ്പുക്കര സ്വദേശിയായ ഒരു ഏജന്റ് പതിനൊന്നാം വാർഡിൽ ചികിത്സയിൽ കഴിയുന്ന ഒരു രോഗിയുടെ ചികിത്സ രേഖകൾ മൊബൈലിൽ പകർത്തി. ഇത് ശ്രദ്ധയിൽപ്പെട്ട നഴ്സ് വിവരം അധികൃതരെ അറിയിച്ചു.
തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ വാർഡിൽ നിന്ന് പിടികൂടി താക്കീത് നൽകി പറഞ്ഞു വിട്ടു. ഒരു കാരണവശാലും ചികിത്സയിൽ കഴിയുന്പോൾ ചികിത്സാ രേഖകൾ ഏജന്റുമാർക്കു കൈമാറരുതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.