ലാഹോർ: ഡോക്ടർമാരുമായുണ്ടായ തർക്കത്തെ തുടർന്ന് ആശുപത്രിയിൽ അഭിഭാഷകരുടെ അക്രമം. അത്യാസന്ന നിലയിലായിരുന്ന അഞ്ച് രോഗികൾ മരിച്ചു. പാക്കിസ്ഥാനിലെ ലാഹോറിലാണ് ദാരുണ സംഭവമുണ്ടായത്. അഭിഭാഷകനെ ഡോക്ടർമാർ മർദിച്ചതിൽ പ്രതിഷേധിച്ച് അഭിഭാഷകർ ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
പരിചരണം മുടങ്ങിയതിനെ തുടർന്നാണ് രോഗികൾ മരിച്ചത്. നൂറോളം വരുന്ന അഭിഭാഷകരാണ് ആശുപത്രിയിലേക്ക് ഇരച്ചു കയറിയത്. ഇതേ തുടർന്ന് ഡോക്ടർമാരും ജീവനക്കാരും ഓടിരക്ഷപ്പെട്ടു. ആശുപത്രിക്കു പുറത്തു നിർത്തിയിട്ടിരുന്ന വാഹനങ്ങൾ അഭിഭാഷകർ കത്തിക്കുകയും ചെയ്തു. സംഭവത്തിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പോലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്.