ന്യൂഡൽഹി: രാജ്യത്ത് അഭിഭാഷക ലോബി സജീവമെന്ന് മുൻ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ഈ ലോബി വെല്ലുവിളിക്കുന്നു.
അനുകൂല വിധി കിട്ടിയില്ലെങ്കിൽ ന്യായാധിപരെ ഇവർ അപകീർത്തിപ്പെടുത്താൻ ശ്രമിക്കും. ഈ ലോബിയിൽ നിന്ന് ജുഡീഷ്യറിയെ രക്ഷിക്കണമെന്നും രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു മണിക്കൂറുകൾക്ക് ശേഷം ഗൊഗോയ് ആവശ്യപ്പെട്ടു.
വ്യാഴാഴ്ചയാണ് ഗൊഗോയി രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. ഗൊഗോയിയുടെ സത്യപ്രതിജ്ഞ. രഞ്ജൻ ഗൊഗോയിയുടെ പേര് സത്യപ്രതിജ്ഞയ്ക്കു വിളിച്ചപ്പോൾതന്നെ കോണ്ഗ്രസ്, സിപിഎം എംപിമാർ മുദ്രാവാക്യം വിളികളുമായി എഴുന്നേറ്റു. പ്രതിഷേധ സൂചകമായി പിന്നീട് പ്രതിപക്ഷം ഒന്നടങ്കം രാജ്യസഭയിൽ നിന്നിറങ്ങിപ്പോയി.
എന്നാൽ, സത്യപ്രതിജ്ഞയ്ക്കുശേഷം പാർലമെന്റിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിച്ചപ്പോൾ അവർ തന്നെ എത്രയും വേഗം സ്വാഗതം ചെയ്യുമെന്നും പിന്നീട് വിമർശകരുണ്ടാകില്ല എന്നുമാണ് പ്രതിപക്ഷ പ്രതിഷേധത്തോട് രഞ്ജൻ ഗൊഗോയി പ്രതികരിച്ചത്.