സീമ മോഹന്‍ലാല്‍
കൊച്ചി: ആലുവയിലെ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കുഞ്ഞിന്റെ ചെരിപ്പിനെക്കുറിച്ചുള്ള സാക്ഷി വിസ്താരം ഏറെ നൊമ്പരപ്പെടുത്തിയെന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജി. മോഹന്‍രാജ്.
പ്രതി കുറ്റക്കാരനെന്നു കോടതി കണ്ട കേസിൽ വിധി പറയാനിരിക്കെയാണ് വൈകാരിക നിമിഷങ്ങളിലൂടെ കടന്നുപോയ കേസിലെ സാക്ഷി വിസ്താരത്തെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്.
കഴിഞ്ഞ 28 വര്‍ഷത്തെ അഭിഭാഷക ജീവിതത്തിനിടയില്‍ കല്ലുവാതുക്കല്‍ മദ്യ ദുരന്തരം, ഉത്രക്കേസ്, വിസ്മയക്കേസ് ഉള്‍പ്പെടെ പല പ്രമുഖ കേസുകളുടെയും സ്പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. മോഹന്‍രാജിന് ആലുവയിലെ അഞ്ചു വയസുകാരിയുടെ കേസ് നൊമ്പരപ്പെടുത്തുന്ന ഒന്നാണ്.
ഡോറില്‍ കുടുങ്ങിയ കുഞ്ഞു ചെരിപ്പ്
വിദേശത്തുനിന്ന് അടുത്തിടെ നാട്ടിലെത്തിയ ആലുവ പറവൂര്‍ കവലയിലുള്ള സുസ്മി എന്ന യുവതിയുടെ നിര്‍ണായക മൊഴിയെക്കുറിച്ച് പറഞ്ഞപ്പോള്‍ അഡ്വ.മോഹന്‍രാജിന്റെ വാക്കുകള്‍ ഇടറി.
സുസ്മി ആലുവ ഗ്യാരേജ് ഭാഗത്തു നിന്ന് സീമാസ് വരെ യാത്ര ചെയ്ത ബസിലാണ് കമ്പനിപ്പടിയില്‍ നിന്ന് പ്രതി അസ്ഫാക് ആലം കുഞ്ഞിനെയും എടുത്ത് ഓടിക്കയറിയത്.
കയറുന്നതിനിടെ അഞ്ചുവയസുകാരിയുടെ ചെരിപ്പ് ബസിന്റെ ഓട്ടോമാറ്റിക് ഡോറിനിടയില്‍ കുടുങ്ങി വണ്ടി മുന്നോട്ട് എടുക്കാനാവാതെ നിന്നു. ഡോറിന് എതിര്‍വശത്തായി ഇരുന്ന സുസ്മിയായിരുന്നു ആ ചെരിപ്പ് അസ്ഫാക്കിനെ കാണിച്ചു കൊടുത്തത്. അയാള്‍ ചെരിപ്പെടുത്ത ശേഷം കുഞ്ഞുമായി പുറകിലെ സീറ്റില്‍ പോയിരുന്നു.
പിറ്റേന്ന് ആരുടെയോ വാട്സാപ്പ് സ്റ്റാറ്റസായി കാണാതായ കുഞ്ഞിന്റെ ചിത്രം കണ്ടതോടെ കുഞ്ഞുമായി പോയ ഇയാളെ താന്‍ കണ്ടതാണെന്ന് ഇവര്‍ ആലുവ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
സാക്ഷി വിസ്താരത്തിനിടെ പ്രകൃതി പോലും ഈ യാത്ര വേണ്ടെന്നു കാണിച്ചതിന്റെ തെളിവായിരുന്നു ബസിന്റെ ഡോര്‍ അടയാതിരുന്നതെന്നും, മനുഷ്യരായ നമുക്ക് അത് മനസിലാക്കാന്‍ കഴിഞ്ഞില്ലല്ലോയെന്നു പറഞ്ഞ് സുസ്മി പല തവണ പൊട്ടിക്കരഞ്ഞത് തന്റെയും കണ്ണുനിറച്ചെന്ന് അഡ്വ. മോഹന്‍രാജ് പറഞ്ഞു.
നമ്മുടെ സമൂഹത്തില്‍നിന്ന് നന്മ വിട്ടു പോയിട്ടില്ലെന്നതിന്റെ തെളിവാണ് സുസ്മിയെന്നാണ് അഡ്വ. മോഹന്‍രാജ് പറയുന്നത്.
എല്ലാ സാക്ഷികളും ഏറെക്കുറെ വൈകാരികമായിതന്നെയാണ് പെരുമാറിയത്. അസ്ഫാക് കുഞ്ഞുമായി പോകുന്നത് കണ്ട ലോഡിംഗ് തൊഴിലാളി താജുദ്ദീന് പറഞ്ഞത് പ്രതി ഒറ്റയ്ക്കു തിരിച്ചുവരുന്നത് കണ്ടിരുന്നെങ്കില്‍ അപ്പോള്‍തന്നെ അയാളെ പിടികൂടുമായിരുന്നുവെന്നാണ്.
ഗേറ്റ് കീപ്പര്‍ സജി, സമീപത്തെ കടക്കാരന്, ആലുവ മാര്‍ക്കറ്റിലെ സിസിടിവി ദൃശ്യത്തില്‍ പ്രതി നടന്നു വരുമ്പോള്‍ അതേ സമയത്ത് അവിടെ കൂടി നടന്നു പോയ പച്ചക്കറിക്കടയിലെ ജീവനക്കാരന് മുരളി ഇവരെല്ലാം തങ്ങളുടെ ജോലി പോലും മാറ്റിവച്ച് സാക്ഷിവിസ്താരത്തിനെത്തി. സാമൂഹിക പ്രതിബദ്ധതകൊണ്ടാണ് അവരെല്ലാം സാക്ഷിപറയാനെത്തിയത്. -അഡ്വ.മോഹന്‍രാജ് പറഞ്ഞു.
പ്രതിക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷ
പല കേസുകളിലും വൈകിയാണ് വിചാരണ നടക്കാറുള്ളത്. അപ്പോള്‍ കാലം ക്രൂരകൃത്യത്തിന്റെ തീവ്രത കുറയ്ക്കും. ഈ കേസില്‍ സാക്ഷികള്‍ അനുഭവിച്ച മാനസിക വേദനയടക്കം കോടതിക്ക് മുന്നില്‍ പ്രകടിപ്പിക്കാനും കണ്ടത് പറയാനും കഴിഞ്ഞുവെന്നതാണ് പ്രോസിക്യൂഷന്റെ പ്രതീക്ഷ.
എത്ര വലിയ സ്ത്രീലമ്പടനായാലും ഒരു കൊച്ചു കുഞ്ഞിനോട് ഇത്തരത്തില്‍ പെരുമാറാനാവില്ല. ലൈംഗിക ത്വരയോടെ ഒരു പിഞ്ചു കുഞ്ഞിനെ സമീപിച്ച ഇയാള്‍ നാളെ സമൂഹത്തിന് തന്നെ ഭീഷണിയാണ്.
കുഞ്ഞിന്റെ വിശ്വാസത്തെയാണ് അയാള്‍ ലംഘിച്ചത്. അമ്മമാര്‍ക്ക് സമൂഹത്തിലുളള വിശ്വാസം നഷ്ടമായി. പ്രതിക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നു അഡ്വ. മോഹന്‍രാജ് പറഞ്ഞു.