കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ദിലീപിന്റെ അഭിഭാഷകന് അഡ്വ. ബി. രാമന്പിള്ളയോട് മൊഴി നല്‍കാനായി ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയതില്‍ അഭിഭാഷകര്‍ ഇന്ന് പ്രതിഷേധിക്കും.
കേരള ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് ഉച്ചയ്ക്കാണ് പ്രതിഷേധം നടക്കുന്നത്.നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്ന കേസിലെ മാപ്പുസാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അഡ്വ. രാമന്പിള്ളയക്ക് കഴിഞ്ഞ 14-നാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്.
16 ന് ചോദ്യം ചെയ്യുമെന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്.സാക്ഷിയായ ജിന്സന് എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ പീച്ചി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നോട്ടീസ്.
കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് കോട്ടയം യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ്. അമ്മിണിക്കുട്ടനാണ് അഡ്വ. രാമന്‍പിള്ളയ്ക്ക് നോട്ടീസ് നല്‍കിയത്.
രാമന്‍പിള്ളയുടെ ഓഫീസിലോ വസതിയിലോ ഫെബ്രുവരി 16 ന് രാവിലെ ഒമ്പതോടെ എത്തി മൊഴി എടുക്കുമെന്നാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്.
കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ജിന്‍സണെ മറ്റൊരു സഹതടവുകാരനായ കൊല്ലം സ്വദേശി നാസര്‍ മുഖേന അഭിഭാഷകന് സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
ജിന്‍സണും നാസറും ഇതുസംബന്ധിച്ച് സംസാരിക്കുന്ന ശബ്ദസംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു.
നിയമ വാഴ്ചയോടുള്ള വെല്ലുവിളി: രാമൻപിള്ള
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മൊഴി നല്‍കാനായി തനിക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്കിയ നടപടി നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് അഡ്വ. രാമൻപിള്ള.
കേസില്‍ പ്രതിക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകന്റെ മൊഴി രേഖപ്പെടുത്താനുള്ള നീക്കം ഇന്ത്യന്‍ തെളിവു നിയമത്തിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.