കൊച്ചി: എറണാകുളം ജില്ലാ കോടതി വളപ്പില് അഭിഭാഷകരും എസ്എഫഐ പ്രവർത്തകരും തമ്മില് അര്ധരാത്രി ഏറ്റുമുട്ടി. 12 വിദ്യാര്ഥികള്ക്കും എട്ട് അഭിഭാഷകര്ക്കും രണ്ടു പോലീസുകാര്ക്കും പരിക്കേറ്റു. ഇതില് പരിക്കേറ്റ എഎസ്ഐ നൗഷാദിന്റെ തലയില് അഞ്ച് സ്റ്റിച്ചുണ്ട്. എറണാകുളം സെന്ട്രല് പോലീസ് മൊഴിയെടുക്കുകയാണ്.
ബിയര് ബോട്ടിലും കമ്പിവടികളും ഉപയോഗിച്ച് അഭിഭാഷകര് ആക്രമിച്ചെന്നാണ് എസ്എഫഐയുടെ ആരോപണം. എന്നാല് പ്രശ്നം ഉണ്ടാക്കിയത് വിദ്യാര്ഥികളാണെന്ന് അഭിഭാഷകര് പറയുന്നു. ബാര് കൗണ്സില് പരിപാടി കഴിഞ്ഞിറങ്ങിയ അഭിഭാഷകരും മഹാരാജാസിലെ എസ്എഫഐ പ്രവർത്തകരും തമ്മില് ഇന്നു പുലര്ച്ചെ 12.30 ഓടെയാണ് സംഘര്ഷം ഉണ്ടായത്. അഭിഭാഷകരുടെ വൈദ്യ പരിശോധന നടത്തണമെന്ന ആവശ്യത്തില് ഉറച്ച് നില്ക്കുകയാണ് വിദ്യാര്ഥികള്.
ബാര് അസോസിയേഷന് പരിപാടിക്കിടെ മഹാരാജാസ് കോളജിലെ വിദ്യാര്ഥികള് പ്രശ്നം ഉണ്ടാക്കിയെന്ന് അഭിഭാഷകര് ആരോപിക്കുന്നു. വനിതാ അഭിഭാഷകരെയും അഭിഭാഷകരുടെ കുടുംബാംഗങ്ങളെയും ഉപദ്രവിക്കാന് ശ്രമിച്ചു. അഭിഭാഷകര് മദ്യപിച്ചിരുന്നില്ലെന്നും അഭിഭാഷകര് പറയുന്നു.
അതേസമയം, കോളജ് ഫെസ്റ്റിന്റെ ഒരുക്കങ്ങള് കഴിഞ്ഞ് പുറത്തിറങ്ങിയ എസ്എഫഐ പ്രവർത്തകരുടെ ഇടയിലേക്ക് അഭിഭാഷകര് വന്ന് പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നാണ് വിദ്യാര്ഥികള് പറയുന്നത്. പെണ്കുട്ടികളെ കടന്നുപിടിച്ചു, വിദ്യാര്ഥികളുടെ മുഖത്തേക്ക് സിഗരറ്റ് വലിച്ചശേഷം പുക ഊതി. ഇതു ചോദ്യം ചെയ്തതോടെയാണ് അഭിഭാഷകര് അക്രമം അഴിച്ചുവിട്ടതെന്ന് വിദ്യാര്ഥികള് ആരോപിച്ചു. സംഘര്ഷം നിയന്ത്രിക്കാന് എത്തിയ പോലീസുകാര്ക്കും പരിക്കേറ്റു. സ്ഥലത്ത് വന് പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്.