തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി കേരളാ ബാർ കൗണ്‍സിലിൽ ഹാജരാക്കി എൻറോൾ ചെയ്ത് തിരുവനന്തപുരം, നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ തുടങ്ങിയ കോടതികളിൽ പ്രാക്ടീസ് ചെയ്തിരുന്ന വ്യാജവക്കീൽ അറസ്റ്റിലായി. ഒറ്റശേഖരമംഗലം വാളിക്കോട് തലക്കോണം തലനിര പുത്തൻവീട്ടിൽ വിനോദ് (31)നെയാണ് തിരുവനന്തപുരം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഡി. അശോകനും സംഘവും തിരുവനന്തപുരം റൂറൽ ഷാഡോ പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.
ബീഹാർ ചാപ്ര ജില്ലയിലുള്ള ഗംഗ സിംഗ് ലോ കോളജിൽ നിന്ന് എൽഎൽബി പാസായതായുള്ള ജയ് പ്രകാശ് യൂണിവേഴ്സിറ്റിയുടെ മാർക്ക് ലിസ്റ്റുകളും സർട്ടിഫിക്കറ്റുകളും വ്യാജമായി നിർമിച്ചാണ് ഇയാൾ ബാർ കൗണ്‍സിലിനേയും കോടതികളേയും കക്ഷികളേയും കബളിപ്പിച്ചത്. പ്ലസ് ടുവിനു ശേഷം ബംഗളൂരുവിലും മറ്റുമുള്ള സ്വകാര്യ നഴ്സിംഗ് കോളജുകളിൽ അഡ്മിഷൻ തരപ്പെടുത്തി കൊടുക്കുന്ന ഏജന്റായി പ്രവർത്തിച്ചുവരവെയാണ് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ച് വക്കീലായി പ്രാക്ടീസ് തുടങ്ങിയത്.
ഒറ്റശേഖരമംഗലം സ്വദേശിനിയായ സെലിൻ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് സൂപ്രണ്ടിനു നൽകിയ പരാതിയിലാണ് വിനോദിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. നെയ്യാറ്റിൻകര ലോക്കൽ പോലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസ് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നിർദേശ പ്രകാരമാണ് തിരുവനന്തപുരം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്.
വ്യാജ സർട്ടിഫിക്കറ്റാണ് ബാർ കൗണ്‍സിലിൽ ഹാജരാക്കിയതെന്ന് ഡിവൈഎസ്പി കൊടുത്ത റിപ്പോർട്ടിൽ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ ബാർ കൗണ്‍സിൽ സെക്രട്ടറി മറ്റൊരു കേസും നൽകിയിട്ടുണ്ട്. അറസ്റ്റ് സമയത്ത് പ്രതിയുടെ കൈയിൽ പുതിയതായി കൈപ്പറ്റിയ 30 ഓളം വക്കാലത്തുകൾ ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
തിരുവനന്തപുരം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഡി. അശോകന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വി. ഗോപൻ, എഎസ്ഐമാരായ സുരേഷ്, അജിത് കുമാർ, ജയൻ, എസ്സിപിഒമാരായ അഷറഫ്, സുനിൽകുമാർ, സിപിഒമാരായ വിനോദ്, പ്രദീഷ്, ബിനു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കിയത് എവിടെ നിന്നാണെന്നും ആരാണ് സഹായിച്ചതെന്നും അന്വേഷിച്ചുവരികയാണെന്നും കൂടുതൽ അന്വേഷണത്തിനു ശേഷം മാത്രമേ ഇക്കാര്യം വെളിപ്പെടൂവെന്നും ഡിവൈഎസ്പി ഡി. അശോകൻ പറഞ്ഞു.