ന്യൂഡൽഹി: പരസ്യം കണ്ടു തടി കുറയ്ക്കാനുള്ള മരുന്നിന് പണം നൽകി അക്കിടി പറ്റിയ കഥ തുറന്നു പറഞ്ഞ് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിർത്തലാക്കാൻ നടപടിയെടുക്കണമെന്ന് രാജ്യസഭയിൽ സർക്കാരിനോട് ആവശ്യപ്പെടുന്നതിനിടയിലാണ് അബദ്ധം പറ്റിയ കാര്യം വെളിപ്പെടുത്തിയത്.
ഉപരാഷ്ട്രപതിയായതിനു ശേഷമാണ് ഒരു ദിവസം ആ പരസ്യം ശ്രദ്ധയിൽപ്പെട്ടത്. 28 ദിവസത്തിനുള്ളിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഗുളികയുടെ പരസ്യമായിരുന്നു അത്. 1230 രൂപ നൽകണമെന്നായിരുന്നു പരസ്യത്തിൽ പറഞ്ഞിരുന്നത്. പലരോടും അതിനെക്കുറിച്ച് അന്വേഷിച്ചു. വീണ്ടും ആ പരസ്യം കണ്ടു. ഒന്നു പരീക്ഷിക്കാമെന്നു കരുതി. പരസ്യത്തിൽ ആവശ്യപ്പെട്ടതുപോലെ 1230 രൂപ നൽകി. എന്നാൽ, ഗുളികയ്ക്കു പകരം ഒഴിഞ്ഞ പെട്ടിയാണ് കിട്ടിയത്. ഒപ്പം വീണ്ടും 1000 രൂപ അടച്ചാൽ ഗുളികകൾ ലഭിക്കുമെന്ന അറിയിപ്പും.
ഇക്കാര്യം താൻ ഉപഭോക്തൃ മന്ത്രാലയത്തെ കൊണ്ട് അന്വേഷിപ്പിച്ചു. അപ്പോഴാണ് അത് അമേരിക്കയിൽ നിന്നുള്ള പരസ്യമാണെന്ന് അറിഞ്ഞത്. മറ്റു രാജ്യങ്ങളിൽ നിന്നാണെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്ന് അദ്ദേഹം സർക്കാരിനോട് നിർദേശിച്ചു. ഭക്ഷണത്തിൽ മായം ചേർക്കുന്ന വിഷയം സമാജ് വാദി പാർട്ടി എംപി ശൂന്യവേളയിൽ ഉന്നയിച്ചപ്പോഴാണ് പരസ്യത്തിന്റെ തട്ടിപ്പ് സഭാധ്യക്ഷൻതന്നെ വെളിപ്പെടുത്തിയത്.