ചൗക്കിദാർ പ്രയോഗത്തെ കളിയാക്കി സെന്റർ ഫ്രഷ് ച്യൂയിംഗത്തിന്റെ പരസ്യം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. ബാങ്ക് കൊള്ളയടിക്കുന്ന ബാങ്ക് കാവൽക്കാരനെ കൈയോടെ പിടിക്കുന്നതാണ് സെന്റർ ഫ്രഷ് പരസ്യം.
കാവൽക്കാരൻ കള്ളനാണെന്ന് മോദിക്ക് മറുപടി നൽകിയ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതുമായി ചേർത്താണ് പഴയ പരസ്യം ആളുകൾ കുത്തിപ്പൊക്കുന്നത്. കഴിഞ്ഞ ദിവസം ട്വിറ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മേം ഭീ ചൗക്കിദാർ ക്യാന്പെയിൻ ആരംഭിച്ചത്.
റഫാൽ കരാറിലെ ക്രമക്കേടുകൾ മുൻനിരത്തി രാഹുൽ ഗാന്ധി പൊതു പരിപാടികളിൽ രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണെന്ന് ആവർത്തിച്ച് ആരോപിച്ചിരുന്നു. ഇതിന് ബദലായി ബിജെപി സർക്കാരിന്റെ ഭരണനേട്ടങ്ങൾ കോർത്തിണക്കി തയാറാക്കിയ വീഡിയോ പുറത്തിറക്കിയതിനൊപ്പമാണ് മേം ഭി ചൗക്കിദാരെന്ന ടാഗ് ലൈൻ മോദി ട്വിറ്ററിൽ കുറിച്ചത്.
ചൗക്കിദാർ എന്ന് പേരിൽ കൂട്ടിച്ചേർത്തുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ പ്രചാരണ പരിപാടിക്കൊപ്പം ചേരാൻ കേന്ദ്രമന്ത്രിമാരുടെയും ബിജെപി നേതാക്കളുടെയും മത്സരമാണ് ഇപ്പോൾ നടക്കുന്നത്.
ഇത് ഏറ്റെടുത്ത ബിജെപി നേതാക്കളും അണികളും സോഷ്യൽ മീഡിയ അക്കൗണ്ടിലെ പേരിന് മുൻപ് ചൗക്കിദാർ എന്ന് ചേർത്ത് തുടങ്ങി. കാവൽക്കാരൻ എന്നാണ് ചൗക്കിദാർ എന്ന വാക്കിന് അർഥം. രാജ്യത്തിന്റെ കാവൽക്കാരനാണ് താൻ എന്ന് നരേന്ദ്ര മോദി പ്രസംഗിച്ചപ്പോൾ ’ചൗകിദാർ ചോർ ഹേ’ (കാവൽക്കാരൻ കള്ളനാണ്) എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരിഹാസം.