പാപ്പിനിശേരി: അന്തർദേശീയ തലത്തില്‍ ഇന്ത്യൻ ഐക്കൺ സംഘടിപ്പിച്ച അമേരിക്കന്‍ കാലിഫോർണിയ ഐക്കൺ ആയി കണ്ണൂർ പാപ്പിനിശേരി കോലത്തുവയൽ സ്വദേശി അദ്വൈത് സുജയ് തെരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് അമേരിക്കയിൽ ഒരു മലയാളി ബാലന് ഇത്തരം അംഗീകാരം ലഭിച്ചത്. കാലിഫോർണിയയിൽ കഴിഞ്ഞ ദിവസം ഒഡീഷൻ ടെസ്റ്റിനു ശേഷം നടന്ന മത്സരത്തിലാണ് ഈ ഒൻപതുകാരന് വിശിഷ്ടാംഗീകാരം ലഭിച്ചത്.
നൃത്തയിനത്തിൽ 16 വയസിനു താഴെയുള്ളവരുടെ വിഭാഗത്തിലാണ് മത്സരം നടന്നത്.ലോകോത്തര നിലവാരത്തിൽ അമേരിക്കയിൽ നടന്ന മത്സരമാണിത്. അവസാനഘട്ട മത്സരം ഡിസംബർ 26, 27 തീയതികളിൽ ചിക്കാഗോയിൽ അരങ്ങേറും. നൃത്തം, പാട്ട്, അഭിനയം, ഉപകരണ സംഗീതം, തുടങ്ങി വേറിട്ട് നിൽക്കുന്ന കഴിവുകളിലാണ്മൽസരം.ഹോളിവുഡ് സംവിധായകരും നടന്മാരും ചേർന്നതാണ് വിധികർത്താക്കൾ .
അദ്വൈത് സുജയിന് ഫോഗ് 2017, ഡാൻസ് ഹങ്കാമ 2018, മൈത്രി ടാലന്റ് 2019 അടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. അമേരിക്കയില്‍ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കോലത്തുവയൽ സ്വദേശിയായ ഭവ്യ മോഹന്റെയും ആപ്പിൾ കമ്പനിയിൽ ജോലി ചെയ്യുന്ന വടകര സ്വദേശിയായ സുജയ്കുമാർ ചാത്തുവിന്റെയും മകനാണ്. സഹോദരി ആത്മിക.