തളിപ്പറമ്പ്: എഇഒ ഓഫീസില്‍ നിന്നും കാണാതായ അഡ്മിഷന് രജിസ്റ്ററിലെ പേജ് ഒടുവില്‍ തിരിച്ചുവന്നത് ഗത്യന്തരമില്ലാത്തതിനാല്‍. എഇഒ ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുകയും അന്വേഷണം ഊര്‍ജിതമാകുകയും ചെയ്തതോടെയാണ് വേറെ മാര്‍ഗമില്ലാത്തതിനാല്‍ പ്രതിയായ ജീവനക്കാരിലാരോ അത് തിരികെ വെച്ചത്.
21 കഷണങ്ങളാക്കി കീറിനുറുക്കിയ പേജ് വെള്ളകടലാസില്‍ ഒട്ടിച്ച നിലയിലാണ് എഇഒ ഓഫീസില്‍ നിന്ന്തന്നെ എടുത്ത കവറിനുള്ളിലാക്കി ഫയലില്‍ വെച്ചത്. സെക്ഷന്‍ ക്ലര്‍ക്ക് സനീഷ് ഇന്നലെ ഉച്ചവരെ ലീവായിരുന്നു. അദ്ദേഹം ഓഫീസിലെത്തിയപ്പോഴാണ് ഫയലിനുള്ളില്‍ നിന്നും കവര്‍ കണ്ടത്.
ഉടന്‍ വിവരം എഇഒയെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ് ഐ കെ.കെ.പ്രശോഭും സംഘവും ഇത് കസ്റ്റഡിയിലെടുത്തു. എഇഒ ഉള്‍പ്പെടെയുള്ള ജീവനക്കാരെ ചോദ്യം ചെയ്തതില്‍ നിന്നും കള്ളന് കപ്പലില്‍ തന്നെയാണെന്ന് തെളിഞ്ഞതായി പോലീസ് പറഞ്ഞു.
പോലീസ് സംശയിച്ച വനിതാ ഉദ്യോഗസ്ഥ ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ ഓഫീസില്‍ ഉണ്ടായിരുന്നു. പോലീസ് ശാസ്ത്രീയമായ അന്വേഷണരീതി സ്വീകരിച്ചതോടെയാണ് പിടിക്കപ്പെടുമെന്ന് ബോധ്യമായപ്പോള്‍ രേഖകള്‍ ഓഫീസിലെത്തിച്ചത്.
അടുത്തിടെ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് വിരമിച്ച ഒരു ഉദ്യോഗസ്ഥന് ആരംഭിച്ച കണ്‍സള്‍ട്ടന്‍സി സ്ഥാപനം എഇഒ ഓഫീസിലെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടുന്നതായുള്ള വിവരവും പോലീസിന് ലഭിച്ചിരുന്നു. എം.കെ.രാജീവന് മുയ്യം എന്ന പേരില്‍ എഇഒ ഓഫീസിലെ പ്രശ്നങ്ങളേപ്പറ്റി ഉന്നതങ്ങളില്‍ പരാതി നല്‍കിയതിന് പിറകില്‍ ഇയാളാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.
രജിസ്റ്ററിലെ പേജ് കീറിയെടുത്തയാളെ കണ്ടെത്താനായി രേഖ വിരലടയാള വിദഗ്ദ്ധര്‍ക്ക് കൈമാറുമെന്ന് പോലീസ് പറഞ്ഞു. സംഭവം തിരുവനന്തപുരത്തെ ഉന്നതര്‍ വരെ അറിയുകയും അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മൊത്തത്തില്‍ നോര്‍ത്ത് എഇഒ ഓഫീസില്‍ ഒരു ശുദ്ധികലശം തന്നെ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നതായും സൂചനയുണ്ട്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പൂര്‍ത്തിയായി കഴിഞ്ഞാലുടന്‍ എല്ലാ ജീവനക്കാരെയും സ്ഥലം മാറ്റാനാണ് നിര്‍ദ്ദേശമെന്നറിയുന്നു. വര്‍ഷങ്ങളായി ഇവിടെ ജോലിചെയ്തുവരുന്നചിലരുടെ ഒത്താശയോടെ ഫയല്‍ മോഷണം ഉള്‍പ്പെടെ സ്വകാര്യ സ്കൂള്‍ മാനേജ്മെന്റിനു വേണ്ടി അനധികൃതമായി പല കാര്യങ്ങളും നടക്കുന്നുണ്ടെന്ന് ഡിഡിഇക്ക് രേഖാമൂലം പരാതി ലഭിച്ചിരുന്നു.