തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ ആദ്യമായി മകനെതിരേ അന്വേഷണ സംഘത്തിന് മൊഴി നൽകി പ്രതി അഫാന്റെ മാതാവ് ഷെമി. കൊലപാതകം നടന്ന ദിവസം രാവിലെ മുതൽ സംഭവിച്ച കാര്യങ്ങളാണ് ഷെമി അന്വേഷണ സംഘത്തിന് മുൻപാകെ മൊഴി നൽകിയത്.
ഭർത്താവ് അറിയാതെ തനിക്ക് 35 ലക്ഷം രൂപയുടെ കടമുണ്ട്. സംഭവ ദിവസം കടം വാങ്ങിയ ഒരാളിന് അൻപതിനായിരം രൂപ തിരികെ കൊടുക്കണമായിരുന്നു. ഇതിനായി ബന്ധു വീട്ടിൽ പണം കടം വാങ്ങാൻ പോയി. എന്നാൽ പണം കിട്ടിയില്ലെന്നും അധിക്ഷേപം നേരിട്ടെന്നും ഷെമി പോലീസിനോട് പറഞ്ഞു.
തിരികെ വീട്ടിൽ എത്തിയപ്പോൾ മകനുമായി വാക്കേറ്റം ഉണ്ടായി. പിന്നീട് മകൻ തന്റെ കഴുത്ത് ഞെരിച്ചുവെന്നും ചുമരിൽ തലയിടിപ്പിച്ചു ഇതോടെ തന്റെ ബോധം പോയെന്നും ഷെമി വെളിപ്പെടുത്തിയിരുന്നു. ബോധം വന്നപ്പോൾ മകൻ ചുറ്റികയ്ക്ക് തലയ്ക്കടിച്ചു. കൂട്ട ആത്മഹത്യയെക്കുറിച്ച് മകൻ സംസാരിച്ചിരുന്നുവെന്നും ഷെമി വ്യക്തമാക്കി.
നേരത്തെ തനിക്ക് പരിക്കേറ്റത് കട്ടിലിൽ നിന്ന് വീണത് കൊണ്ടാണെന്നാണ് ഷെമി മജിസ്ട്രേട്ടിനോടും അന്വേഷണ സംഘത്തോടും മൊഴി നൽകിയത്. ഇന്നലെയാണ് മകനെതിരേ ആദ്യമായി മൊഴി നൽകിയത്. ഇന്നലെ മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതി അഫാനെ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
പെണ്സുഹൃത്ത് ഫർസാന, അനുജൻ അഫ്സാൻ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ഇന്നലെത്തെ തെളിവെടുപ്പ്. ഇതോടെ അഞ്ച് കൊലക്കേസുകളിലെയും തെളിവെടുപ്പ് പൂർത്തിയായി. കൂട്ടക്കൊല വേളയിൽ തടസ്സം നിൽക്കുന്നവരെ നേരിടാൻ മുളക് പൊടി ആയുധം കരുതിയ ബാഗിൽ സൂക്ഷിച്ചിരുന്നുവെന്ന് അഫാൻ പോലീസിനോട് സമ്മതിച്ചു.
മുളക് പൊടി ഇന്നലെ പോലീസ് നടത്തിയ തെളിവെടുപ്പിൽ അഫാന്റെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തിരുന്നു. യാതൊരു കൂസലുമില്ലാതെയാണ് കുട്ടക്കൊലയെക്കുറിച്ചുള്ള കാര്യങ്ങൾ അഫാൻ പോലീസിനോട് വിവരിച്ചത്.