അബുദാബി: ഇരുപകുതികളുടെ അവസാന നിമിഷങ്ങളിൽ ലഭിച്ച രണ്ട് അപ്രതീക്ഷിത അടികളിൽ ഇന്ത്യ അടിതെറ്റി വീണു. എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് എയിൽ ഇന്ത്യക്ക് ഏകപക്ഷീയമായ രണ്ടു ഗോളിന്റെ തോൽവി. ആതിഥേയരും റാങ്കിംഗിൽ മുന്നിലുള്ള ടീമുമായ യുഎഇയോട് ഇന്ത്യ പൊരുതിത്തോറ്റു.
കളിയുടെ 41 ാം മിനിറ്റിൽ ഖൽഫാൻ മുബൈറക്കും 81 ാം മിനിറ്റിൽ അലി മബ്ഹൂതും നേടിയ ഗോളിനായിരുന്നു ആതിഥേയരുടെ വിജയം.റാങ്കിംഗിൽ 18 സ്ഥാനം മുന്നിലുള്ള എതിരാളികളെ വിറപ്പിക്കാനായെങ്കിലും തായ്ലൻഡിനെതിരെ പുറത്തെടുത്ത പോരാട്ടവീര്യം ഇന്ത്യക്ക് ഇന്ന് നഷ്ടമായി. ഫുട്ബോൾ ഈശ്വരൻമാർ നീലപ്പടയെ കൈവിടുക കൂടി ചെയ്തതോടെ ദുരന്തം പൂർണമായി.
ഉറപ്പായ നാല് ഗോൾ അവസരങ്ങളാണ് ഇന്ത്യക്ക് നഷ്ടമായത്. അതിൽ രണ്ടെണ്ണം ക്രോസ് ബാറിൽ തട്ടി അവിശ്വസനീയമായ രീതിയിൽ പുറത്തേക്കുപോയി.കളിയുടെ തുടക്കത്തിൽ ആത്മവിശ്വാസത്തോടെ പന്ത് തട്ടിയ ഇന്ത്യ പലവട്ടം ഗോളിനടുത്തെത്തി.
ആഷിഖ് കുരുണിയൻറെ ഉൾപ്പെടെ മൂന്നു ഷോട്ടുകൾ യുഎഇ ഗോളി ഖാലിദ് ഇസ കുത്തിപ്പുറത്തേക്കു കളഞ്ഞു. 42 ാം മിനിറ്റിൽ മലയാളി താരം അനസ് എടത്തൊടികയുടെ പിഴവിൽനിന്നായിരുന്നു ആദ്യഗോൾ പിറന്നത്. ജനുവരി 14 ബെഹ്റിനുമായുള്ള മത്സരത്തിൽ ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് നോക്കൗട്ട് പ്രതീക്ഷയ്ക്കു വകയുള്ളു.