അബുദാബി: എഎഫ്സി ഏഷ്യൻ കപ്പിൽ പുത്തൻ സൂര്യോദയം. അഞ്ചാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ജപ്പാനെ തകർത്ത് ഖത്തർ കന്നിക്കിരീടം ചൂടി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഖത്തറിന്റെ ജയം.
12-ാം മിനിറ്റിൽ ആൽ മുഈസ് അലിയാണ് ഖത്തറിനു ലീഡ് നൽകിയത്. ടൂർണമെന്റിൽ അലിയുടെ ഒന്പതാം ഗോളായിരുന്നു അത്. 15 മിനിറ്റിനുശേഷം ഖത്തർ വീണ്ടും ലക്ഷ്യം കണ്ടു. അബ്ദുൽ അസീസ് ഹതീം ലോംഗ് റേഞ്ചറിലൂടെ ജപ്പാൻ വല കുലുക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ മികച്ച തിരിച്ചുവരവു നടത്തിയ ജപ്പാൻ 69-ാം മിനിറ്റിൽ മിനാമിനോയിലൂടെ ഒരു ഗോൾ മടക്കി. എന്നാൽ ഖത്തറിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് 83-ാം മിനിറ്റിൽ അക്രം അഫിഫ് കീരീടമുറപ്പിച്ചു.