അൽ ഖോർ (ഖത്തർ): എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ മൂന്ന് തോൽവിയോടെ വട്ടപ്പൂജ്യമായി ഇന്ത്യ പുറത്ത്. ഗ്രൂപ്പ് ബിയിൽ കളിച്ച മൂന്നു മത്സരങ്ങളിലും പരാജയപ്പെട്ട് ഒരു പോയിന്റ് പോലും നേടാൻ സാധിക്കാതെയാണ് ഇന്ത്യ ടീം സ്വദേശത്തേക്ക് മടങ്ങുക.
ഗ്രൂപ്പ് ബിയിൽ ഇന്നലെ സിറിയയോട് ജയിച്ചാൽ പ്രീക്വാർട്ടറിൽ പ്രവേശിക്കാം എന്ന സാധ്യതയുമായാണ് ഇന്ത്യ ഇറങ്ങിയത്. എന്നാൽ, 1-0നു പരാജയപ്പെട്ട് തലതാഴ്ത്തി ഇന്ത്യ മടങ്ങി. ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം ക്യാപ്റ്റൻ ഒമർ ഖ്രിബിന്റെ (76’) ഗോളിലായിരുന്നു സിറിയൻ ജയം.
ചരിത്രം കുറിച്ച് സിറിയ
ഇന്ത്യയെ തോൽപ്പിച്ചതോടെ മൂന്ന് മത്സരങ്ങളിൽനിന്ന് നാല് പോയിന്റുമായി സിറിയ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മികച്ച മൂന്നാം സ്ഥാനക്കാരായി പ്രീക്വാർട്ടർ ബെർത്തും സിറിയ സ്വന്തമാക്കി.
എഎഫ്സി ഏഷ്യൻ കപ്പ് ചരിത്രത്തിൽ സിറിയ പ്രീക്വാർട്ടറിൽ പ്രവേശിക്കുന്നത് ഇതാദ്യമാണ്. ഏഴാം തവണയാണ് സിറിയ ഏഷ്യൻ കപ്പ് വേദിയിൽ എത്തുന്നത്.
ഓസ്ട്രേലിയ ഗ്രൂപ്പ് ബി ചാന്പ്യന്മാരായി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഓസ്ട്രേലിയയും ഉസ്ബക്കിസ്ഥാനും 1-1 സമനിലയിൽ പിരിഞ്ഞു.
രണ്ട് ജയവും ഒരു സമനിലയും ഉൾപ്പെടെ ഏഴ് പോയിന്റാണ് ഓസ്ട്രേലിയയ്ക്ക്. അഞ്ച് പോയിന്റുള്ള ഉസ്ബക്കിസ്ഥാൻ രണ്ടാം സ്ഥാനത്തോടെയും പ്രീക്വാർട്ടറിൽ പ്രവേശിച്ചു.