കോട്ടയം: സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. പാലാ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയും മേലുകാവ് ചെവ്വൂർ കുറിഞ്ഞംകുളം ജോർജ് ജോണ്‍സന്റെ മകനുമായ അഫീൽ ജോണ്‍സ(16)നാണു മരിച്ചത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഫീലിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി രേഖപ്പെടുത്തിയിരുന്നെങ്കിലും ന്യൂമോണിയ പിടിപെട്ടത് കാര്യങ്ങൾ വീണ്ടും വഷളാക്കിയെന്നാണ് വിവരം.
ഇക്കഴിഞ്ഞ ഒക്ടോബർ നാലിനാണ് ഹാമർ തലയിൽ വീണ് അഫീലിന് പരിക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചയുടൻ തന്നെ വിദ്യാർഥിയെ രണ്ടു തവണ ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയിരുന്നു.
സംഭവത്തിൽ പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചിരുന്നു. സംസ്ഥാന കായിക വകുപ്പ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി വരികയായിരുന്നു.