കോട്ടയം: അഫീൽ ജോൺസന്റെ മൊബൈൽ ഫോണിലെ കോൾലിസ്റ്റ് ഡിലീറ്റ് ചെയ്തതിൽ ദുരൂഹതയെന്ന് മാതാപിതാക്കൾ. അഫീലിനെ കായിക മേളയ്ക്കു വോളണ്ടിയറായി ക്ഷണിച്ചതിന്റെ തെളിവു നശിപ്പിക്കാനാണ് ഇതു ചെയ്തതെന്നു സംശയിക്കുന്നെന്നും അവർ ആരോപിച്ചു.
“ഞങ്ങളെ ആശ്വസിപ്പിക്കാൻ പോലും ആരുമില്ല. ഒറ്റയ്ക്കായി. ആരും ഞങ്ങളോടു നീതി കാട്ടുന്നില്ല. ഞങ്ങളുടെ സ്വപ്നവും പ്രതീക്ഷയും തകർന്നു. ‘- ഹാമർ തലയിൽ പതിച്ചു മരിച്ച അഫീലിന്റെ മാതാപിതാക്കൾ കണ്ണീരോടെ പറഞ്ഞു.
മരണത്തിന് ഉത്തരവാദികളെ സംരക്ഷിക്കാനാണു പോലീസ് ശ്രമിക്കുന്നത്. മൂന്നിലവിലെ കുറിഞ്ഞംകുളം വീട്ടിൽ അഫീൽ കൊണ്ടുവന്ന മെഡലുകൾ നോക്കി മാതാപിതാക്കളായ ഡാർലിയും ജോണ്സണ് ജോർജും മകന്റെ ഓർമയിൽ വിങ്ങിപ്പൊട്ടുകയാണ്. ഫുട്ബോൾ താരമായി അവന്റെ ഫോട്ടോ പത്രങ്ങളിൽ വരുന്നതാണു ഞങ്ങൾ സ്വപ്നം കണ്ടിരുന്നത്.
മകന്റെ മരണത്തിനു ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ഇനി ഇതുമാത്രമേ ഞങ്ങൾക്കുള്ളു. ഹാമറിലെ രക്തം കഴുകിയതിനു പിന്നാലെ അഫീലിന്റെ ഫോണിലും കൃത്രിമത്വം കാട്ടി. അഫീലിന്റെ ഫോണിനു പാസ്വേർഡും ഫിംഗർ ലോക്കുമുണ്ടായിരുന്നു.
അപകടം നടന്ന നാലിന് 12.35ന് അവന്റെ ഫോണിൽനിന്നു തങ്ങളെ വിവിരം അറിയിച്ചത്. വിവരമറിഞ്ഞു മെഡിക്കൽ കോളജിലേക്കുള്ള യാത്രയിലും ഫോണിൽനിന്നു വിളിവന്നു. ആശുപത്രിയിലെത്തിക്കും വഴി അഫീലിന്റെ വിരലടയാളം ഉപയോഗിച്ചാണു ഫോണ് തുറന്നതെന്നു സംശയിക്കുന്നു.
അഫീലിന്റെ മരണത്തിനു ശേഷം പാലാ സിഐ വിളിച്ചത് അനുസരിച്ച് അയൽവീട്ടിലെ സുഹൃത്തുക്കൾ എത്തിയാണു ഫോണിന്റെ പാസ് വേർഡ് പറഞ്ഞു കൊടുത്തത്. അപ്പോഴേക്കും രണ്ട്, മൂന്ന് തീയതികളിലെ മുഴുവൻ കോൾ ലിസ്റ്റും ഡിലീറ്റ് ചെയ്തിരുന്നു.
സംഘാടകർ അഫീലിനെ ഫോണിലൂടെയും ക്ഷണിച്ചതിന്റെ തെളിവ് നശിപ്പിക്കാനാണു ഫോണിലെ കോൾ ലിസ്റ്റ് ഡിലീറ്റ് ചെയ്തത്. വിശദമായ കോൾ ലിസ്റ്റ് എടുത്തു പരിശോധിക്കണം. ഇതുവരെ ഞങ്ങളുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് ഞങ്ങളെ ഞെട്ടിച്ചു. അത്ലറ്റിക് അസോസിയേഷന്റെ പിടിപ്പുകേടാണ് അപകടത്തിനു കാരണമെന്നു ഞങ്ങളോടു പറഞ്ഞാണ് സമിതി അംഗങ്ങൾ പോയത്.
റിപ്പോർട്ട് പുറത്തുവന്നപ്പോൾ സംഘാടകർ കുറ്റക്കാരല്ല. ഞങ്ങൾ ജീവിക്കുന്നതുപോലും അഫീലിനു നീതി കിട്ടാനാണ്. അവന്റെ ചോര വീണ ഹാമർ കഴുകിയെടുത്തു വീണ്ടും മത്സരം നടത്തി. അവരുടെ മക്കൾക്കായിരുന്നു അപകടമുണ്ടായതെങ്കിൽ ഇങ്ങനെ ചെയ്യുമായിരുന്നോ.
അഫീലിന് അപകടം പറ്റിയപ്പോഴും ഞങ്ങളെ അറിയിച്ചില്ല. അവനെ കുറ്റപ്പെടുത്താനാണു ശ്രമിച്ചതെന്നും ജോണ്സണ് പറഞ്ഞു. അവനുണ്ടായ അപകടം മറയ്ക്കാനാണ് അത്ലറ്റിക് അസോസിയേൻ ശ്രമിക്കുന്നത്. അഫീൽ ഉൾപ്പെടെ 13 പേരാണു വാളണ്ടിയർമാരായത്. രാവിലെ ഭക്ഷണത്തിന്റെ കൂപ്പണും ബാഡ്ജും അവനു നൽകി.
അപകടമുണ്ടായപ്പോൾ അവൻ ഗ്രൗണ്ടിൽ അതിക്രമിച്ചു കയറിയെന്നാണ് സംഘാടകർ പറഞ്ഞത്. ആർക്കും ഇതുപോലെ ദുരന്തം ഉണ്ടാകരുത്. പോലീസിൽനിന്നു നീതി ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കും. ആദ്യപടിയായി മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഡിജിപി എന്നിവർക്കു പരാതി നൽകും.
ജോമി കുര്യാക്കോസ്