കോട്ടയം: പാലായിൽ സംസ്ഥാന ജൂണിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിനിടെ ഹാമർ തലയിൽ വീണ് വിദ്യാർഥി മരിച്ച സംഭവത്തിൽ സംഘാടകരുടെ അറസ്റ്റ് ഉടനുണ്ടാകും. ഹാമർ, ജാവലിൻ ത്രോ മത്സരങ്ങൾ ഒരേ സമയം നടത്തിയതാണ് അപകട കാരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇതോടെ മത്സരങ്ങളുടെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്നവരോട് ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടു. ജോസഫ്, നാരായണൻകുട്ടി, കാസിം, മാർട്ടിൻ എന്നിവരോടാണ് ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്. ഇവരുടെ പേരുകൾ എഫ്ഐആറിൽ എഴുതിച്ചേർത്തു. ഇവരുടെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കും.
ഒക്ടോബർ നാലിനാണു പാലാ സ്റ്റേഡിയത്തിൽ ജാവലിൻ ത്രോ മത്സരത്തിനുശേഷം ജാവലിനുകൾ എടുത്തുമാറ്റുന്നതിനിടെ ഹാമർ തലയിൽ വീണു പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ് വിദ്യാർഥിയും മൂന്നിലവ് ചൊവ്വൂർ സ്വദേശിയുമായ ആഫീൽ ജോണ്സണു ഗുരുതരമായി പരിക്കേറ്റത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഒക്ടോബർ 21നാണ് ആഫീൽ മരിച്ചത്.