ഗാന്ധിനഗർ: സംസ്ഥാന ജൂണിയർ അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ചികിത്സയിൽ കഴിയുന്ന പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥി അഫീൽ ജോണ്‍സണി(17)ന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.
രക്തസമ്മർദ്ദം സാധാരണ നിലയിലേക്ക് എത്തുകയും മറ്റ് അവയവങ്ങളുടെ പ്രവർത്തനങ്ങൾ മരുന്നുകളുടെ സഹായം കൂടാതെ സാധാരണ നിലയിൽ ആയെന്നും എന്നാൽ തലച്ചോറിലുണ്ടായ ആഘാതം മാരകമായതിനാൽ അതിന്റെ പ്രവർത്തനങ്ങൾക്കു കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നും ന്യൂറോ സർജറി മേധാവി ഡോ. പി.കെ. ബാലകൃഷ്ണൻ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അഫീൽ അപകടത്തിൽപ്പെട്ടത്. മെഡിക്കൽ കോളജ് അത്യാഹിതവിഭാഗം തിയറ്ററിൽ ഏഴ് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയ കഴിഞ്ഞാണു ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്കു മാറ്റിയത്. തലയ്ക്ക് 10 സെൻറിമീറ്റർ ആഴത്തിലുള്ള മുറിവാണ് ഉണ്ടായിരുന്നതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. ബാലകൃഷ്ണൻ പറഞ്ഞു.
ഡോ. സാജു മാത്യു, ഡോ. ബിനു വി. ഗോപാൽ, ഡോ. ടിനു രവി ഏബ്രഹാം, ഡോ. ഫിലിപ്പ് ഐസക്, ഡോ. ഗിരീഷ് എന്നിവർ ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത്.