ഗാന്ധിനഗർ: പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ജൂണിയർ അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ചികിത്സയിൽ കഴിയുന്ന പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥി അഫീൽ ജോണ്‍സണിന്റെ (17) ആരോഗ്യനില കൂടുതൽ മോശമാകുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു.
രക്തസമ്മർദ്ദം സാധാരണ നിലയിലാവുകയും, മറ്റ് അവയവങ്ങളുടെ പ്രവർത്തനങ്ങൾ മരുന്നുകളുടെ സഹായം കൂടതെ തന്നെ സാധാരണ നിലയിൽ ആയിരുന്നെങ്കിലും കഴിഞ്ഞ ദിവസം മുതൽ വൃക്കകളുടെ പ്രവർത്തനം മോശമായി. ഇതോടെ അഫീലിനെ കഴിഞ്ഞ ദിവസം ഡയാലിസിസിന് വിധേയമാക്കിയിരുന്നു.
എന്നാൽ ഡയാലിസിസ് ചെയ്തെങ്കിലും ആരോഗ്യ സ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് പറയാറായിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. അതിനാൽ ഇന്ന് സാധാരണ നിലയിലുള്ള ഡയാലിസിസിന് വിധേയമാക്കാൻ ശ്രമിക്കും. അതിനു കഴിഞ്ഞില്ലെങ്കിൽ സിആർആർടി (കണ്ടിന്യൂസ് റീനൽ റീപ്ലെയ്സ്മെന്റ് തൊറാപ്പി) എന്ന ഡയാലിസിസ് നടത്തും.
ശരീരത്തിന് ക്ഷതവും തലയോട്ടിയിലെ പൊട്ടലും മൂലമുണ്ടാകുന്ന അണുബാധയാണ് വൃക്കകളുടെ പ്രവർത്തനത്തെ തടസപ്പെടുത്തുന്നതെന്ന് നെഫ്രോളജി ഡോക്ടർമാർ അറിയിച്ചു. തലച്ചോറിന്റെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ലന്നെന്ന് ന്യൂറോ സർജറി മേധാവി ഡോ. പി.കെ. ബാലകൃഷ്ണൻ പറഞ്ഞു.