ഗാന്ധിനഗർ: സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിനിടെ തലയിൽ ഹാമർ വീണ് പാലാ ഹയർ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥി അഫീൽ ജോണ്സണ് മരിച്ചത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശരിയായ ചികിത്സ ലഭിക്കാതിരുന്നതുകൊണ്ടാണെന്ന പിതാവ് ജോണ്‍സന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവിക്ക് ജോണ്സണ് നൽകിയ പരാതിയെക്കുറിച്ച് പാലാ ഡിവൈ എസ് പി ഷാജിമോൻ ജോസഫ് ആണ് അന്വേഷിക്കുന്നത്.
അടുത്ത ആഴ്ച മെഡിക്കൽ കോളജിലെത്തി ചികിത്സാ രേഖകൾ പരിശോധിക്കുകയും ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്യും. അപകടമുണ്ടായി മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽകൊണ്ടുവന്ന അഫീലിന് രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ മൂലം നാലു മണിക്കൂർ ചികിത്സ വൈകിയെന്ന് ജോണ്സണ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ന്യൂറോ സർജറി വിഭാഗവും അനസ്തേഷ്യ വിഭാഗവുമായാണ് തർക്കമുണ്ടായതെന്ന് പറയുന്നു. രോഗിയെ അഡ്മിറ്റ് ചെയ്യാതെ ന്യൂറോ സർജറി വിഭാഗം ഡോക്ടർമാർ പരിശോധിക്കുവാൻ തയാറാകാതിരുന്നതാണ് നാലു മണിക്കൂർ നേരം അത്യാഹിത വിഭാഗത്തിൽ കിടക്കേണ്ടി വന്നതെന്നും പരാതിയിലുണ്ട്. കൂടാതെ ജൂനിയർ ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയതെന്നും തലച്ചോറിന്റെ കുറച്ചു ഭാഗം നീക്കം ചെയ്തത് ശസ്ത്രക്രിയയിൽ പരിചയക്കുറവ് ഉള്ളതിനാലാണെന്നും രോഗത്തിന് മാറ്റമില്ലാതെ തുടർന്നപ്പോൾ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് തടസപ്പെടുത്തിയത് ഈ ചികിത്സാപ്പിഴവ് കണ്ടു പിടിക്കുമെന്നുള്ളതിനാലാണെന്നും പരാതിയിൽ പറയുന്നു.
ഇതു സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുവാൻ തയാറാകുകയാണ് ജോണ്സണ്.അതേ സമയം അഫീലിന്റെ പിതാവ് ജോണ്സണ് ഉന്നയിച്ച ആരോപണങ്ങൾ തികച്ചും തെറ്റാണെന്നും ഏറ്റവും മികച്ച ചികിത്സയാണ് നൽകിയതെന്നും ന്യൂറോ സർജറി മേധാവി ഡോ.പി.കെ.ബാലകൃഷ്ണൻ പറഞ്ഞു.
അപകടം മൂലമോ, മറ്റേതെങ്കിലും തരത്തിലോ ഒരു രോഗി അത്യാഹിത വിഭാഗത്തിൽ എത്തിയാൽ ഏത് വിഭാഗത്തിലെ ആയാലും പ്രാഥമിക പരിശോധനകളും ചികിത്സയും നടത്തിയ ശേഷമേ പിന്നീട് സൂപ്പർ സ്പെഷാലിറ്റി വിഭാഗത്തിലേക്ക് മാറ്റുവാൻ കഴിയൂവെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ ന്യൂറോ സർജറി മേധാവി ഡോ. പി.കെ.ബാലകൃഷ്ണൻ പറഞ്ഞു.
കേരള സർക്കാരിന്റെ മെഡിക്കൽ ലൈൻ ഉണ്ട്. അതനുസരിച്ച് ജനറൽ സർജറി വിഭാഗമാണ് അത്യാഹിത വിഭാഗത്തിൽ അഫീലിനെ ആദ്യ പരിശോധന നടത്തി ന്യൂറോ സർജറി വിഭാഗത്തിന് കൈമാറിയത്. ജനറൽ സർജറി വിഭാഗമാണ് പ്രാഥമിക സ്കാനിംഗുകൾ ഉൾപ്പെടെയുള്ള പരിശോധനകൾക്ക് ശേഷം ന്യൂറോ വിഭാഗത്തിന് കൈമാറിയത്. തുടർന്ന് അടിയന്തര ശസ്തക്രിയ നൽകിയ ശേഷം ക്രിട്ടിക്കൽ കെയർ യൂണിറ്റി ലേക്ക് മാറ്റുകയായിരുന്നു.
തലച്ചോറിന്റെ ചില ഭാഗങ്ങൾ നീക്കം ചെയ്തെന്ന ആരോപണം ചികിത്സാ രീതിയെക്കുറിച്ചുള്ള അജ്ഞത മൂലമാണെന്ന് ഡോ. ബാലകൃഷ്ണൻ പറഞ്ഞു. മൂക്കിൽ നിന്നും ഒഴുകി വന്ന രക്തത്തിൽ തലച്ചോറിന്റെ ഭാഗം കൂടിയുണ്ടായിരുന്നു. തലയുടെ മുൻഭാഗത്തെ പത്ത് സെന്റിമീറ്റർ നീളത്തിൽ തലച്ചോർ നഷ്ടപ്പെട്ടിരുന്നു. അപകടം പറ്റിയാൽ ആദ്യ പരിചരണം നൽകേണ്ട എമർജൻസി വിഭാഗം വീഴ്ച വരുത്തിയിട്ടില്ല.
കൂടാതെ അനസ്തേഷ്യ വിഭാഗവുമായി, ന്യൂറോ സർജറി വിഭാഗമെന്നല്ല ഒരു വിഭാഗവും തർക്കിക്കാറില്ലെന്നും ബാലകൃഷ്ണൻ പറയുന്നു. സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞുവിടാൻ പറ്റിയ ആരോഗ്യസ്ഥിതിയായിരുന്നില്ല അഫീലിന്റേത്. ഇപ്പോൾ ഇത്തരത്തിലുള്ള ആക്ഷേപം ഉന്നയിക്കുന്നതിന്റെ പിന്നിൽ മറ്റെന്തോ ഉദ്ദേശ്യമുണ്ടെന്നാണ് മനസിലാക്കുവാൻ കഴിയുന്നതെന്നും ഡോ. പി.കെ.ബാലകൃഷ്ണ്‍ പറഞ്ഞു.
ആരോപണം തികച്ചും തെറ്റാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.റ്റി.കെ.ജയകുമാർ, ആർ എം ഒ ഡോ.ആർ.പി.രഞ്ചിൻ, അനസ് തേഷ്യ വിഭാഗത്തിന്റെ ചുമതലയുള്ള ഡോ.രതീഷ് എന്നിവർ അറിയിച്ചു. ഇത്തരം വാർത്തകൾ ഡോക്ടർമാരുടെ മനോവീര്യം തകർക്കുന്നതാണ്. അഫീൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ദിവസങ്ങളിൽ ബന്ധപ്പെട്ട വിഭാഗങ്ങളിലെ മുഴുവൻ വകുപ്പ് മേധാവികൾ തന്നെ പരിശോധനകൾ നടത്തുകയും, ദിവസേന ആരോഗ്യസ്ഥിതി വിലയിരുത്തി ചികിത്സ നൽകുമായിരുന്നുവെന്നും സുപ്രണ്ട് പറഞ്ഞു.