പാലായില്‍ നടന്ന ജൂനിയര്‍ അത്ലറ്റിക് മീറ്റിനെതിരേ ഹാമര്‍ തലയില്‍ വീണ് പ്ലസ് വണ്‍ വിദ്യാര്‍ഥി അഫീല്‍ ജോണ്സണ് മരിച്ച സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിനെതിരേ ഗുരുതര ആരോപണങ്ങളുയര്‍ത്തി അഫീലിന്റെ മാതാപിതാക്കള്‍ രംഗത്തെത്തി. സംഘാടകരുടെ ഭാഗത്തു വീഴ്ചയുണ്ടായത് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് മകന്റെ മരണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പിതാവ് ജോണ്സണ് കോട്ടയം ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയത്.
മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജറി വിഭാഗവും അനസ്തേഷ്യ വിഭാഗവും തമ്മില്‍ തര്‍ക്കിച്ച് സമയം പാഴാക്കിയതാണ് കാര്യങ്ങള്‍ കുട്ടിയുടെ മരണത്തിലേക്കു നയിച്ചതുമെന്നും മാതാപിതാക്കള്‍ പറയുന്നു. ജനറല്‍ സര്ജന്മാരുടെ നിരന്തര സമ്മര്‍ദഫലമായാണ് ന്യൂറോ സര്‍ജറി വിഭാഗത്തിലേക്കു കൊണ്ടുപോയത്. അഡ്മിറ്റ് ചെയ്താല്‍ മാത്രമേ ന്യൂറോയിലെ ഡോക്ടര്‍മാര്‍ പരിശോധിക്കൂ എന്നു വാശിപിടിച്ചതുകൊണ്ട് നാലുമണിക്കൂറോളം ഐ.പി. അഡ്മിഷന് കിട്ടാതെ കാഷ്വാലിറ്റിയില്‍ കിടന്നു. ശസ്ത്രക്രിയ നടത്തി 17 ദിവസങ്ങള്‍ക്കുശേഷം കുട്ടി മരിച്ചു.
ശസ്ത്രക്രിയയ്ക്കിടയില്‍ പരിചയക്കുറവുള്ള സീനിയര്‍ റെസിഡന്റിനും പി.ജി. വിദ്യാര്‍ഥിക്കും െകെപ്പിഴ സംഭവിച്ചെന്നും അഫീലിന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നു. അശാസ്ത്രീയമായ രീതിയില്‍ തലച്ചോറിന്റെ കുറച്ചുഭാഗം നീക്കിയതായി വിവരം ലഭിച്ചിട്ടുണ്ട്. ശസ്ത്രക്രിയയ്ക്കുശേഷവും മകന്റെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകാതെവന്നപ്പോള് സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന് ആവശ്യപ്പെട്ടെങ്കിലും മെഡിക്കല്‍ കോളജിലെ ന്യൂറോ സര്ജന് അനുവദിച്ചില്ല. ചികില്‍സാപ്പിഴവ് പുറത്തറിയും എന്നതിനാലാണ് ഇതെന്ന് അഫീലിന്റെ പിതാവ് ജോണ്സന് ആരോപിച്ചു.
ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ പേരുവിവരങ്ങള്‍ പുറത്തു വിടാത്തതും കേസ് ഷീറ്റില്‍ സീനിയര്‍ ഡോക്ടര്‍മാര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താഞ്ഞതും ദുരൂഹതയുണര്‍ത്തുന്നു. സര്‍ക്കാര്‍ അടിയന്തര ചികില്‍സയ്ക്ക് ഉത്തരവിട്ട ഈ കേസില്‍, ന്യൂറോ സര്ജന്മാര് കാഷ്വാലിറ്റിയില്വന്ന് കുട്ടിയെ പരിചരിക്കാതിരുന്നത് മെഡിക്കല്‍ അവഗണനയാണ്. ശസ്ത്രക്രിയയില്‍ സീനിയര്‍ ഫാക്കല്‍റ്റി ആരും പങ്കെടുത്തിട്ടില്ല. ഒക്ടോബര്‍ നാലിലെ സര്‍ജറിയില്‍ പങ്കെടുത്ത അനസ്തേഷ്യ ഡിപ്പാര്‍ട്ട്മെന്റിലെ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മൊഴിയെടുക്കണമെന്നും അഫീലിന്റെ പിതാവ്, അഡ്വ. ടോം തോമസ് പൂച്ചാലില്‍ മുഖേന കോട്ടയം ജില്ലാ പോലീസ് മേധാവി പി.എസ്. സാബുവിനു നല്കിയ പരാതിയില്‍പറയുന്നു. അഫീലിന്റെ മാതാപിതാക്കളുടെ ആരോപണം ഇതിനോടകം ചര്‍ച്ചയായിരിക്കുകയാണ്.