ജോമി കുര്യാക്കോസ്
കോട്ടയം: ഹാമർ തലയിൽ പതിച്ചു ജീവൻ നഷ്ടപ്പെട്ട അഫീലിന്റെ മരണം സംബന്ധിച്ച പോലീസ് അന്വേഷണത്തിൽ ദുരൂഹത. മൂന്നിലവ് കുറിഞ്ഞംകുളത്ത് അഫീലിന്റെ തലയിൽ ഹാമർ പതിച്ച് അപകടം നടന്നിട്ട് ഇന്നു 24 ദിവസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. പോലീസിൽനിന്നും നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അഫീലിന്റെ മാതാപിതാക്കൾ ഇന്നു മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഡിജിപി എന്നിവർക്ക് പരാതി നൽകും.
അന്വേഷണം സംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ വ്യത്യസ്ത നിലപാടാണ് ഉയരുന്നത്. അഞ്ചു പേർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ (304 എ)യ്ക്കു കേസെടുത്തെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഇവരെ ഉടൻ അറസ്റ്റുചെയ്യുമെന്നും ജാമ്യം ലഭിക്കാവുന്ന വകുപ്പാണെന്നും വ്യക്തമാക്കുന്നു. എന്നാൽ ഇതുവരെ ആർക്കെതിരെയും കേസ് എടുത്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥൻ പറയുന്നത്.
അപകടം നടന്നിട്ട് 24 ദിവസവും അഫീൽ വിടപറഞ്ഞിട്ട് ഇന്ന് ഒരാഴ്ചയുമായി. 17 ദിവസം കോട്ടയം മെഡിക്കൽ കോളജ് അത്യാഹിതവിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞശേഷമാണു മരണത്തിനു കീഴടങ്ങിയത്. പോലീസ് അന്വേഷണം സംഘാടകരെ രക്ഷിക്കാനാണെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.
സംഭവത്തെപ്പറ്റി ആദ്യം അന്വേഷിച്ച ആർഡിഒ തയാറാക്കിയ റിപ്പോർട്ടിൽ സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെന്നാണ്. നിരുത്തരവാദപരമായ സംഘാടനമാണ് അപകടം ക്ഷണിച്ചുവരുത്തിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഈ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിക്കുകയും ഇതു സർക്കാരിനു കൈമാറുകയും ചെയ്തതാണ്. സർക്കാർ നിർദേശമനുസരിച്ച് ഡിപ്പോർട്ട്മെന്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയർ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ സംഘാടകരെ സംരക്ഷിക്കുന്ന റിപ്പോർട്ടാണ് തയാറാക്കിയത്.
അഫീലിനുണ്ടായ അപകടത്തെപ്പറ്റിയും മരണത്തെപ്പറ്റിയും അന്വേഷിക്കാനെത്തിയ ഡിപ്പാർട്ട്മെന്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയർ കമ്മിറ്റിയുടെ മൂന്നംഗസമിതി നൽകിയ റിപ്പോർട്ടിൽ ഇനി ഇത്തരത്തിലുള്ള അപകടം നടക്കരുതെന്നതിനെപ്പറ്റിയാണു കൂടുതൽ പരാമർശങ്ങളും. അന്വേഷണ ഉദേശ്യങ്ങളിൽനിന്നും വ്യതിചലിച്ചാണു റിപ്പോർട്ട് തയാറാക്കിയതെന്നാണ് ആരോപണം ഉയരുന്നത്.
അതേസമയം പോലീസ് അന്വേഷണത്തിൽ ഗുരുതര ആരോപണങ്ങളാണ് ഇപ്പോൾ ഉയരുന്നത്. അഫീലിന്റെ മൊബൈൽ ഫോണ് പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അഫീലിന്റെ ഫോണിനു പാസ് വേർഡും ഫിംഗർ ലോക്കുമുണ്ടായിരുന്നു. അപകടം നടന്ന നാലിന് 12.35ന് അഫീലിന്റെ ഫോണിൽനിന്നാണു മാതാപിതാക്കളെ വിവരം അറിയിച്ചത്. വിവരമറിഞ്ഞു മെഡിക്കൽ കോളജിലേക്കുള്ള യാത്രയിലും ഫോണിൽനിന്നു വിളിവന്നു. ആശുപത്രിയിലെത്തിക്കും വഴി അഫീലിന്റെ വിരലടയാളം ഉപയോഗിച്ചാണ് ഫോണ് തുറന്നതെന്ന് സംശയിക്കുന്നു.
അഫീലിന്റെ മരണത്തിനുശേഷം പാലാ സിഐ വിളിച്ചത് അനുസരിച്ച് അയൽവീട്ടിലെ സുഹൃത്തുക്കൾ എത്തിയാണ് ഫോണിന്റെ പാസ് വേർഡ് പറഞ്ഞു കൊടുത്തത്. അപ്പോഴേക്കും രണ്ട്, മൂന്നു തീയതികളിലെ മുഴുവൻ കോൾ ലിസ്റ്റും ഡിലീറ്റ് ചെയ്തിരുന്നു. സംഘാടകർ അഫീലിനെ ഫോണിലൂടെ ക്ഷണിച്ചതിന്റെ തെളിവ് നശിപ്പിക്കാനാണ് ഫോണിലെ കോൾ ലിസ്റ്റ് ഡിലീറ്റ് ചെയ്തതെന്നു മാതാപിതാക്കൾ ആരോപിച്ചു. ഇതുവരെ തങ്ങളുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും മാതാപിതാക്കളായ ഡാർലിയും ജോണ്സണ് ജോർജും പറഞ്ഞു.
പോലീസിൽനിന്ന് നീതി ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കും. ആദ്യപടിയായി മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഡിജിപി എന്നിവർക്ക് ഇന്നു പരാതി നൽകുമെന്ന് ഡാർലിയും ജോണ്സണും പറഞ്ഞു. അഫീലിന്റെ കുടംബത്തിന് നീതി ലഭിച്ചില്ലെങ്കിൽ പ്രത്യക്ഷസമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് അഫീൽ ആക്ഷൻ കൗണ്സിൽ ഭാരവാഹികളായ റവ. ബിജു ജോസഫ്, പി.എം. ജയിംസ്, ഷൈൻ പാറയിൽ തുടങ്ങിയവർ പറഞ്ഞു.