അന്പലപ്പുഴ: ചിത്രരചനയിൽ വിസ്മയം തീർത്ത് ഒരു ഏഴാം ക്ലാസുകാരൻ. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് കറുകപ്പറന്പിൽ വിനു തോമസ് – ഡാനി ദന്പതികളുടെ മകൻ അഫിനാ(13)ണ് കുരുന്നു പ്രായത്തിൽ വരയുടെ അദ്ഭുതം തീർക്കുന്നത്.
പുന്നപ്ര സെന്റ് അലോഷ്യസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ അഫിൻ ഇതുവരെ ചിത്രകല ശാസ്ത്രീയമായി പരിശീലിച്ചിട്ടില്ല. എന്നാൽ കുരുന്നു കൈകളിൽ വിരിയുന്നത് അദ്ഭുതം തീർക്കുന്ന ചിത്രങ്ങളാണ്.
ലോക്ക് ഡൗണിന്റെ ഒഴിവുസമയം ധാരാളം ലഭിച്ചതോടെ ഇതിനകം നിരവധി ചിത്രങ്ങളാണ് അഫിൻ വരച്ചുകൂട്ടിയിരിക്കുന്നത്. കടലാസ് താളുകളിൽ മാത്രമല്ല വീടിന്റെ ചുവരുകളിലും കാണാം അഫിന്റെ കരവിരുത്. പ്രമുഖരുടെ ചിത്രങ്ങൾ മാത്രമല്ല അഫിൻ വരക്കുന്നത്.
സുഹൃത്തുക്കളുടെ ചിത്രങ്ങളും ഗ്രിഡ് പെയിന്റിംഗിലൂടെ അഫിൻ വരച്ചിട്ടുണ്ട്. മകനെ വൈകാതെ ചിത്രകല പഠിപ്പിക്കാനാണ് രക്ഷാകർത്താക്കളുടെ തീരുമാനം.
സഹോദയ ഉൾപ്പെടെ നിരവധി മത്സരങ്ങളിൽ ചിത്രരചനയ്ക്ക് ഒട്ടനവധി സമ്മാനങ്ങളും അഫിൻ നേടിയിട്ടുണ്ട്. പിതാവ് വിനു തോമസ് പുന്നപ്ര സാഗര സഹകരണ ആശുപത്രിയിലെ ജീവനക്കാരനും മാതാവ് ഡാനി ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിലെ അധ്യാപികയുമാണ്.