ലണ്ടൻ: ആൺ തുറിച്ചുനോട്ടങ്ങളും മാനഭംഗങ്ങളും ഭയന്ന് പെൺകുഞ്ഞുങ്ങളുടെ സ്തന വളർച്ച പഴുപ്പിച്ച ഇരുമ്പ് ദണ്ഡോ കല്ലോ ഉപയോഗിച്ച് ഇല്ലാതാക്കുന്ന ആഫ്രിക്കൻ ആചാരം ബ്രിട്ടണിലും പടരുന്നു. ലണ്ടൻ, യോക്ഷെയർ, എക്സസ്, വെസ്റ്റ് മിഡ്ലൻഡ്സ് എന്നിവിടങ്ങളിലെ തൊഴിലാളി സമൂഹങ്ങളുടെ ഇടയിലാണ് ഈ രീതി വ്യാപകമാകുന്നതെന്ന് ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു.
പെൺമക്കളെ ലൈംഗീക അതിക്രമങ്ങളിൽ നിന്നും രക്ഷപെടുത്താൻ പരമ്പരാഗതമായി തുടർന്നുപോരുന്ന ആചാരമാണ് നെഞ്ചിൽ കല്ലോ ഇരുമ്പോ പഴുപ്പിച്ചുവയ്ക്കുക എന്നത്. ഇതിലൂടെ സ്തന വളർച്ച ഇല്ലാതാക്കാനാവുമെന്നാണ് വിശ്വാസം. ഇതിനു വിധേയരാകുന്ന പെൺകുട്ടികൾക്ക് അതിവേദനയാണ് ഈ ആചാരം സമ്മാനിക്കുന്നത്. ലൈംഗീകാധിഷ്ടിത ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അഞ്ച് കുറ്റകൃത്യങ്ങളിൽ ഒന്നായ് ആണ് യുഎൻ ഇതിനെ വിശദീകരിക്കുന്നത്.
ഡോക്ടർമാർ പറയുന്നത് ഇത് കുട്ടികൾക്കെതിരായ അതിക്രമം ആണെന്നാണ്. ഇതിലൂടെ കുട്ടികൾക്ക് ശാരീരികവും മാനസികവുമായ വൈകല്യങ്ങൾ ഉണ്ടാകും. അണുബാധ, സ്തനാർബുദം, മുലയൂട്ടാനുള്ള കഴിവില്ലായ്മ തുടങ്ങി നിരവധി പ്രത്യാഘാതങ്ങളാണ് ഇതിലൂടെ ഉണ്ടാകുന്നത്. സൗത്ത് ലണ്ടനിലെ ക്രോയിഡോണിൽ മാത്രം അടുത്തിടെ 15 മുതൽ 20 കേസുകൾവരെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് സാമൂഹിക പ്രവർത്തകരെ ഉദ്ധരിച്ച് പത്രം പറയുന്നു.
അമ്മമാർ, മുത്തശിമാർ, അടുത്ത ബന്ധുക്കളായ സ്ത്രീകൾ തുടങ്ങിയവരാണ് പെൺകുട്ടികളെ പീഡനത്തിനു വിധേയരാക്കുന്നത്. ചൂടാക്കിയ ഇരുമ്പ് ദണ്ഡോ കല്ലോ ഉപയോഗിച്ച് സ്തനത്തിനു ചുറ്റും ശക്തമായി അമർത്തും. ആഴ്ചയിൽ ഒരു ദിവസമോ രണ്ട് ആഴ്ച കൂടുമ്പോഴോ ഇരുമ്പ് ഉഴിയൽ നടത്തും. സ്തന വളർച്ച ഇല്ലാതാകുന്നതുവരെയാണ് ഇത് തുടരുന്നത്.
ബ്രിട്ടണിൽ ആയിരത്തോളം പേർ ഇത്തരം പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സ്ത്രീകളുടേയും പെൺകുട്ടികളുടേയും ഇടയിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തക മാർഗററ്റ് പറയുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട കൃത്യമായ പഠനമോ വിവരശേഖരണമോ ഇതുവരെ നടന്നിട്ടില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.
ഉഴിയലിന് വിധേയരായ അഞ്ച് സ്ത്രീകൾ തന്റെ നോർത്ത് ലണ്ടനിലെ ക്ലിനിക്കിൽ ചികിത്സ തേടിയിട്ടുണ്ടെന്ന് മനോരോഗചികിത്സകയായ ലയ്ല ഹുസൈൻ ഗാർഡിയൻ പത്രത്തിനോട് പറഞ്ഞു. ഇവരെല്ലാം ബ്രിട്ടീഷുകാരായ സ്ത്രീകളായിരുന്നു. തന്നെ സമീപിച്ച സ്ത്രീകളിൽ ഒരാളുടെ സ്തനം ഉഴിച്ചിലൂടെ ഇല്ലാതായ അവസ്ഥയിലായിരുന്നു ഇവർ കൂട്ടിച്ചേർത്തു.
ഈ ആചാരം ഇല്ലാതാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. എന്നാൽ സാമൂഹിക പ്രവർത്തകർക്കും ആക്ടിവിസ്റ്റുകൾക്കും ഇക്കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനാവുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.