തൃക്കരിപ്പൂർ: പടന്നയിലെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ അറസ്റ്റിലായ പരാതിക്കാരിയുടെ സഹോദരൻ റിമാൻഡിൽ. പടന്ന എംആർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ യു.സി. ജവാദിനെ(20)യാണ് ഇന്നലെ വൈകുന്നേരം ഹൊസ്ദുർഗ് കോടതി റിമാന്റ് ചെയ്തത്.
ആഡംബര പക്ഷികളെ വളർത്തുന്നതിൽ ഏറെ താൽപര്യമുള്ള യുവാവ് പുതുതായി കണ്ടെത്തിയ ആഫ്രിക്കൻ പക്ഷികളെ വാങ്ങാൻ ആഗ്രഹിച്ചാണ് പണത്തിന് അന്വേഷണം തുടങ്ങിയത്.
പണം ലഭിക്കാതെ വന്നതോടെയാണ് സ്വന്തം സഹോദരിയുടെ കിടപ്പ് മുറിയിൽ ഊരിവച്ച ആഭരണങ്ങൾ കൈക്കലാക്കി ആഗ്രഹം സാധിക്കാൻ തീരുമാനിച്ചത്. എടുത്ത നാലേകാൽ പവൻ തൂക്കമുള്ള സ്വർണാഭരണങ്ങൾ മുകൾ നിലയിലെ വാഷ് ബേസിന് താഴെയായി ഒളിപ്പിക്കുകയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി വിരലടയാള വിദഗ്ദർ സ്ഥലത്തെത്തി വീട്ടുകാരുടേതുൾപ്പെടെ വിരലടയാളം എടുക്കാനായി വിളിപ്പിച്ചപ്പോൾ തന്ത്രത്തിൽ ജവാദ് രക്ഷപ്പെടുകയും ചെയ്തു. പരാതി നൽകുന്നതിനും പോലീസിനോട് സംഭവം വിശദമാക്കുന്നതിനും ജവാദ് മുൻപന്തിയിലുണ്ടായിരുന്നു. പിന്നീട് പോലീസ് നടത്തിയ നിരീക്ഷണത്തിലാണ് കാര്യങ്ങൾ വ്യക്തമായത്. ചോദ്യം ചെയ്യലിൽ സ്വർണാഭരണങ്ങൾ ഒളിപ്പിച്ച സ്ഥലം പറഞ്ഞു.
കഴിഞ്ഞ വെളളിയാഴ്ച രാത്രിയിലാണ് യു.പി. ജംഷിയയുടെ വീട്ടിൽ നിന്നും നാല് പവനിലധികം സ്വർണാഭരണങ്ങൾ മോഷണം പോയത്. ഇന്നലെ വൈകുന്നേരം ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ യുവാവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.