പെരുമ്പാവൂര്‍: വെള്ളപ്പൊക്കത്തില്‍ പെരിയാറിലെ ഉയര്‍ന്ന പ്രളയജലത്തോടൊപ്പം എത്തിചേര്ന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം പെരുമ്പാവൂരിലും സമീപ പഞ്ചായത്തുകളിലും വർധിക്കുന്നു. പ്രളയജലം കയറിയ തോടുകളുടെ സമീപപ്രദേശങ്ങളിലാണ് ഇവയുടെ ശല്യം കൂടുതൽ.
ആഫ്രിക്കയില്‍നിന്നെത്തിച്ച തടികളിലൂടെ എത്തിയതെന്ന് കരുതുന്ന ഇവയെ 1955ല്‍ പാലക്കാട് എലപ്പുള്ളിയിലാണ് കേരളത്തില്‍ ആദ്യമായി കണ്ടെത്തിയത്. മൂന്നുവര്‍ഷം മുന്‍പ് പെരുമ്പാവൂര്‍ ഇരിങ്ങോള്‍ പ്രദേശത്ത് ഇവയെ കണ്ടെത്തുകയും അത് വാര്‍ത്തയാവുകയും ചെയ്തിരുന്നു.
മഴക്കാലത്ത് മതിലുകളിലെയും മരങ്ങളിലെയും അഴുകിയ വസ്തുക്കളിലെയും പൂപ്പലുകളും അഴുക്കുകളും തിന്നു വിശപ്പടക്കുന്ന ഇവ വേനലില്‍ കാര്‍ഷിക വിളകളിലെയും മരങ്ങളിലെയും ഇലകള്‍ തിന്നു തീര്‍ക്കും. രാപകല്‍ ഭേദമന്യേ ഇരുപത്തിനാലു മണിക്കൂറും ആഹാരം തേടി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഇവയുടെ വിസര്‍ജ്യവസ്തുക്കള്‍ പരിസരമലനീകരണത്തിന് കാരണമാവുന്നുണ്ട്.
കൂടുതല്‍ ഭാഗങ്ങളിലേക്ക് ഓരോ ദിവസവും ഇവ വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. മുടക്കുഴ പഞ്ചായത്തില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് പീച്ചി വന ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരെത്തി കഴിഞ്ഞ ദിവസം ജനങ്ങള്‍ക്ക് വേണ്ട അവബോധ ക്ലാസ് നല്‍കിയിരുന്നു. പാറപ്പുറത്ത് ആയുര്‍വേദ ആശുപത്രിക്ക് തെക്കുവശമുള്ള കാടുപിടിച്ചുകിടക്കുന്ന പറമ്പ് ആഫ്രിക്കന്‍ ഒച്ചുകളുടെ താവളമായി തീര്ന്നിരിക്കുയാണ്. ആഫ്രിക്കന്‍ ഒച്ചുകള്‍ വീടിനുള്ളിലേക്ക് കയറാതിരിക്കുവാന്‍ വേണ്ടി വീടിന്റെ ജനലുകള്‍ പോലും തുറക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇവിടങ്ങളിൽ ഉള്ളത്.
ഇവയുടെ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കുവാന്‍ ജനപ്രതിനിധികളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും യോഗം ഇന്ന് വൈകിട്ട് 4ന് പെരുമ്പാവൂര്‍ – പാറപ്പുറം റോഡില്‍ കുഴിപ്പിള്ളി കാവിന് സമീപമുള്ള ലോക്കല്‍ ഹിസ്റ്ററി റിസര്‍ച്ച് സെന്ററില്‍ നടക്കുമെന്ന് പദ്ധതി കോ-ഓർഡിനേറ്റര്‍ ഷിബി ജോസഫ് അറിയിച്ചു. പെരുമ്പാവൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സതി ജയകൃഷ്ണന് അധ്യക്ഷത വഹിക്കും. എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യക്കോസ് ഉദ്ഘാടനം ചെയ്യും. യോഗശേഷം ആഫ്രിക്കന്‍ ഒച്ച് ശല്യം അനുഭവിക്കുന്ന പാറപ്പുറം പ്രദേശം പ്രതിനിധികള്‍ സന്ദര്‍ശിക്കും.