ഹരുണി സുരേഷ്
വൈപ്പിന്‍: ‘ആഫ്രിക്കന്‍ ഒച്ചുകളെ വിലയ്ക്കെടുക്കും’- നായരമ്പലം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്തയിടെയായി കാണുന്ന പോസ്റ്ററാണിത്.
വിശ്വസിക്കാന്‍ പ്രയാസമാകുമെങ്കിലും സംഭവം വാസ്തവമാണ്. ആഫ്രിക്കന്‍ ഒച്ചുകളുടെ രൂക്ഷമായ ശല്യത്തില്‍നിന്ന് നാട്ടുകാരെ രക്ഷിക്കാനുള്ള ഉദ്യമവുമായി രംഗപ്രവേശം ചെയ്ത,
തൊട്ടടുത്ത ഞാറക്കല്‍ പഞ്ചായത്തിലെ പ്രഭാത സവാരിക്കൂട്ടായ്മയായ സണ്‍റൈസ് ടീമാണ് പോസ്റ്ററിനു പിന്നില്‍. പോസ്റ്ററില്‍ ഇവരുടെ ഫോണ്‍ നമ്പറും വച്ചിട്ടുണ്ട്.
വിളിച്ചറിയിച്ചാല്‍ പൊതുജനങ്ങള്‍ ശേഖരിക്കുന്ന ഒച്ചുകളെ വീട്ടില്‍വന്ന് വാങ്ങിക്കൊണ്ടുപോകും. വെറുതെയല്ല, ഒച്ചൊന്നിന് ഒരു രൂപ വീതം നല്‍കുകയും ചെയ്യും.
ഇവര്‍ ഇതു വാങ്ങിക്കൊണ്ട് പോയി കൂട്ടത്തോടെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഏറെക്കാലമായി ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യംമൂലം പൊറുതിമുട്ടുന്ന നായരമ്പലത്തുകാരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസവാര്‍ത്തയാണിത്.
ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങള്‍, ഇതിനോട് ചേര്‍ന്ന പോക്കറ്റ് റോഡുകള്‍ എന്നിവിടങ്ങളിലക്കെ ഒച്ചുകള്‍ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്.
പലയിടത്തും വീടുകളിലെ അടുക്കളത്തോട്ടങ്ങള്‍ക്കും പൂന്തോട്ടങ്ങള്‍ക്കും വരെ ഭീഷണിയാണിത്. മാത്രമല്ല ജനങ്ങള്‍ക്കിടയില്‍ രോഗഭീഷണിയുമുണ്ട്.
ഈ ബുദ്ധിമുട്ടുകളെല്ലാം പ്രഭാത സവാരിക്കിടെ സണ്‍റൈസ് കൂട്ടായ്മ സാരഥികളായ ജിജു ജേക്കബ്, അവരാച്ചന് പാറക്കല്‍ എന്നിവരുടെ ശ്രദ്ധയില്‍ പ്പെട്ടതോടെ പുതിയ ദൗത്യത്തിന് തുടക്കം കുറിക്കുകയായിരുന്നു.
അതോടെ നാട്ടുകാരുടെ കഷ്ടകാലം മാറി നല്ല കാലവും പിറന്നു. പോസ്റ്റര്‍ പ്രചാരണത്തിലൂടെ തുടങ്ങിയ പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കൂട്ടായ്മ സാരഥികള്‍ പറയുന്നു.
ഇപ്പോള്‍ കൂട്ടായ്മയിലെ അംഗങ്ങള്‍ സ്വന്തം പോക്കറ്റില്‍ നിന്നെടുത്താണ് ഒച്ചുശേഖരണവുമായി മുന്നോട്ട് പോകുന്നത്.
ഒച്ചുകള്‍ പെരുകാന്‍ തുടങ്ങിയാല്‍ ഈ പദ്ധതി എത്രനാള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്ന ആശങ്ക കൂട്ടായ്മയ്ക്ക് ഇല്ലാതില്ല.