കോഴിക്കോട്: മോഷണ കേസിലെ സ്ഥിരം പ്രതി ജാമ്യമിറങ്ങിയ ശേഷം വീണ്ടും പിടിച്ചുപറിക്കിടെ പിടിയില്‍ . തിരുവള്ളൂര്‍ ചാനിയംകടവ് കണ്ണംകുറുങ്ങോട്ട് കെ.കെ.അഫ്സത്ത് എന്ന അര്‍ഫി(37)യെയാണ് ടൗണ്‍ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തത്.
അന്ധനായ ലോട്ടറി വില്പനക്കാരന്റെ പണം മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെയാണ് പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. ഇന്നലെ രാവിലെ കിഡ്സണ്‍ കോര്‍ണറില്‍ എസ്കെ പ്രതിമയ്ക്ക് മുന്നിലാണ് സംഭവം. ലോട്ടറി വിറ്റു ലഭിച്ച പണം എണ്ണിതിട്ടപ്പെടുത്തുന്നതിനിടെ അഫ്സത്ത് അതുവഴി വരികയായിരുന്നു.
ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം പണം പിടിച്ചുപറിച്ച് ഓടി ബസില്‍ കയറി. പിന്നാലെ നാട്ടുകാരും ബസില്‍ കയറി അഫ്സത്തിനെ പിടികൂടുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പിങ്ക് പോലീസ് അഫ്സത്തിനെ ടൗണ്‍ പോലീസിന് കൈമാറി. കോടതിയില്‍ ഹാജരാക്കിയ അഫ്സത്ത് ഇപ്പോള്‍ റിമാന്‍ഡിലാണ്. ഏതാനും മാസം മുമ്പ് അഫ്സത്ത് യുവാവിന്റെ മൊബൈല്‍ തട്ടിപ്പറിച്ചോടിയിരുന്നു.
മിഠായിത്തെരുവ് ഖാദി ഗ്രാമോദ്യോഗ് എംപോറിയത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തിയ ടൗണ്‍ പോലീസ് പാളയത്ത് വെച്ച് ഒരു മണിക്കൂറിനകം തന്നെ പിടികൂടിയിരുന്നു. ഈ കേസില്‍ ജാമ്യമിറങ്ങിയ ശേഷമാണ് അഫ്സത്ത് വീണ്ടും പിടിച്ചുപറി നടത്തിയത്.