കാബൂൾ: അഫ്ഗാനിസ്ഥാനിലെ ആശുപത്രിലെ പ്രസവവാർഡിനു നേരേ ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ രണ്ടു നവജാത ശിശുക്കൾ ഉൾപ്പെടെ 24 പേർ മരിച്ചു.
കാബൂളിലെ ദഷത് ഇ ബറാച്ചി ആശുപത്രിക്കു നേരേയുണ്ടായ ഭീകരാക്രമണത്തെ സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്.
ആശുപത്രിയിലെ പല വാർഡുകളും കടന്നെത്തിയ ഭീകരർ നേരേ പ്രസവ വാർഡിലെത്തി ഗർഭിണികൾക്കും അമ്മമാർക്കും നേരേ വെടിയുതിർക്കുകയായിരുന്നെന്നു ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് അഫ്ഗാനിസ്ഥാൻ മേധാവി ഫ്രഡറിക് ബൊന്നോട്ട് പറഞ്ഞു.
ഭീകരാക്രമണത്തിൽ എത്രപേർ മരിച്ചെന്ന കൃത്യമായ കണക്ക് ഇതുവരെ പുറത്തുവന്നിട്ടില്ല. 15 യുവതികളും ഒരു പുരുഷനും കൊല്ലപ്പെട്ടെന്നാണ് അഫ്ഗാൻ ആഭ്യന്തരമന്ത്രാലയം വക്താവ് അറിയിച്ചത്.
എന്നാൽ, 24 പേർ മരിക്കുകയും 20 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിലെ അംഗങ്ങൾ പറഞ്ഞു. ആക്രമണത്തിനു പിന്നിൽ താലിബാനാണെന്ന് അഫ്ഗാനിസ്ഥാൻ വൈസ് പ്രസിഡന്റ് അംറുള്ള സലേഹ് പറഞ്ഞു.
ഈയാഴ്ച അഫ്ഗാനിസ്ഥാനിലുണ്ടായ രണ്ട് ആക്രമണത്തിന്റെയും ഉത്തരവാദിത്വം താലിബാനാണെന്ന് അഫ്ഗാൻ ചർച്ചയിലെ അമേരിക്കയുടെ പ്രത്യേക പ്രതിനിധി സമയി ഖാലിൽസാദ് പറഞ്ഞു. മൃതസംസ്കാര ചടങ്ങിനിടെയുണ്ടായ ചാവേർ ആക്രമണത്തിൽ 32 പേരാണ് കിഴക്കൻ അഫ്ഗാനിസ്ഥാനിൽ മരിച്ചത്.
അഫ്ഗാൻ ഭരണകൂടവും താലിബാനും തമ്മിലുള്ള ധാരണയെ എതിർക്കുന്ന ഐഎസ്ഐഎസ് പിന്തുണയുള്ള ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നു ഖാലിൽസാദ് പറഞ്ഞു.
സിറിയയിലെയും ഇറാക്കിലെയും സമാനമായി അഫ്ഗാനിൽ ആഭ്യന്തര യുദ്ധത്തിനാണ് ഈ സംഘം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബറാച്ചി ആശുപത്രിയുടെ പ്രസവവാർഡിൽ മൂന്നു ഭീകരരാണ് വെടിവയ്പ് നടത്തിയത്.
26 രോഗികളാണ് ഈ സമയം വാർഡിൽ ഉണ്ടായിരുന്നത്. ഇവരിൽ നവജാത ശിശുക്കളുടെ അമ്മമാരും ഗർഭിണികളും പെടും. ഓടിരക്ഷപ്പെടാൻ ഗർഭിണികൾക്കു സാധിച്ചില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 16 അമ്മമാർ വെടിവയ്പിൽ മരിച്ചു.
ജനിച്ച് രണ്ടു മണിക്കൂർ മാത്രം പ്രായമുള്ള ആമിന എന്ന പെണ്കുഞ്ഞിന്റെ കാലിൽ വെടിയേറ്റിട്ടുണ്ട്. നസിയ ബീവിയുടെയും റാഫിയുള്ളയുടെയും മകളായ ആമിന ചൊവ്വാഴ്ച രാവിലെ എട്ടിനാണ് ജനിച്ചത്. പത്തോടെയാണ് ഭീകരാക്രമണം ആരംഭിച്ചത്. ആക്രമണത്തിൽ നസിയ ബീവിയും മരിച്ചതായി ബന്ധു വാർത്താ ഏജൻസിയോടു പറഞ്ഞു.