കാബൂൾ: അഫ്ഗാനിൽ പൊതുപാർക്കുകളിൽ സ്ത്രീകൾക്കു പ്രവേശനം വിലക്കി താലിബാൻ. താലിബാന്റെ സദാചാരമന്ത്രാലയം വിലക്കേർപ്പെടുത്തിയതിനെത്തുടർന്ന് കാബൂളിലെ പാർക്കുകളിൽ സ്ത്രീകൾക്കു പ്രവേശനം നിഷേധിച്ചു.
സ്ത്രീകളെ പാർക്കുകളിൽ പ്രവേശിപ്പിക്കാൻ അനുവദിക്കില്ലെന്ന് താലിബാൻ വക്താവ് വാർത്താ ഏജൻസിയായ റോയിറ്റേഴ്സിനോട് പറഞ്ഞു.
കാബൂളിലെ ഒരു അമ്യൂസ്മെന്റ് പർക്കിലെത്തിയ സ്ത്രീകളെ പ്രവേശിപ്പിക്കാതെ താലിബാൻ തിരിച്ചയച്ചു. കുട്ടികളോടൊപ്പം പാർക്കിലെത്തിയ സ്ത്രീകൾക്കും പ്രവേശനം നിഷേധിച്ചു.
തങ്ങളുടെ കുട്ടികൾ ജീവിതത്തിൽ നല്ലതൊന്നും കാണാത്തവരാണെന്നും അവർക്കു വിനോദവും കളികളും ആവശ്യമാണെന്നും അതുകൊണ്ടു കുട്ടികളുമായി വരുന്ന അമ്മമാരെയെങ്കിലും പാർക്കിൽ പ്രവേശിപ്പിക്കണമെന്നാണ് ആവശ്യമെന്നും സ്ത്രീകൾ റോയിറ്റേഴ്സിനോട് പറഞ്ഞു.
സ്ത്രീകൾക്കു പാർക്കിൽ പ്രവേശനം അനുവദിക്കരുതെന്ന് താലിബാൻ ഉദ്യോഗസ്ഥരുടെ നിർദ്ദേശമുണ്ടെന്ന് പാർക്ക് ഓപ്പറേറ്റർമാർ പറഞ്ഞതായും റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്ത ശേഷം മുഖം മറയ്ക്കാതെ സ്ത്രീകളെ വീടിന് പുറത്തിറങ്ങാൻ അനുവദിക്കരുത് എന്നതുൾപ്പെടെ നിരവധി നിയന്ത്രണങ്ങൾ താലിബാൻ സദാചാരമന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്.